മൂന്നാർ: വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവിതരണം നടത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിയും കൂട്ടരും അറസ്റ്റിൽ. മൂന്നാർ പള്ളിവാസൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ മത്സരിക്കുന്ന എസ്.സി. രാജയും ഇയാളുടെ കൂട്ടാളികളായ പിച്ചമണിയും (30) മുരുകനുമാണ് (32) പൊലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടർന്ന് മൂന്നാർ എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിൽ പോതമേട് ഒന്നാം വാർഡിന് സമീപത്തെ മേഘദൂത് റിസോർട്ടിലെത്തുമ്പോൾ എസ്.സി. രാജയുടെ നേതൃത്വത്തിൽ വോട്ടർമാർക്ക് മദ്യം വിളമ്പുകയായിരുന്നു. പൊലീസ് ജീപ്പ് കണ്ട് മദ്യപിച്ച് കൊണ്ടിരുന്നവർ ഇറങ്ങി ഓടി. പൊലീസിന്റെ പരിശോധനയിൽ സ്ഥാനാർത്ഥി മദ്യപിച്ചിരുന്നതായും കണ്ടെത്തി. മദ്യവും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മദ്യം നേരത്തെ വാങ്ങിച്ചിരുന്നതായാണ് വിവരം. മദ്യസത്കാരം നടത്തിയ റിസോർട്ടിനെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. അവധി ദിവസമായിരുന്നിട്ടും മദ്യം ലഭിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.