തൊടുപുഴ: കൊവിഡ് പശ്ചാത്തലത്തിൽ പോളിംഗ് കുറയുമോയെന്ന രാഷ്ട്രീയപാർട്ടികളുടെ ആശങ്ക അസ്ഥാനത്താക്കി തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിൽ കനത്ത പോളിംഗ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 74.51 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 78.33ശതമാനം ആയിരുന്നു. പോസ്റ്റൽ വോട്ടുകളും അവസാന കണക്കുകളും വരുമ്പോൾ വോട്ടിംഗ് ശതമാനം ഇനിയും ഉയരും. ആദ്യ ഒരു മണിക്കൂറിനുള്ളിൽ പോളിംഗ് ആറ് ശതമാനത്തിലെത്തി. ഒമ്പത് മണിയോടെ ജില്ലയിലെ പോളിംഗ് ശതമാനം 11.61 ശതമാനത്തിലേക്കെത്തി. പലരും കൊവിഡ് മുൻകരുതലിന്റെ ഭാഗമായി രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയതോടെയാണ് പോളിംഗ് പെട്ടെന്ന് ഉയർന്നത്. പത്ത് മണിയോടെ വോട്ടിംഗ് ശതമാനം 20 ലേക്കെത്തി. 11 മണിയോടെ രണ്ട് ലക്ഷത്തിന് മുകളിൽ വോട്ടർമാർ ജില്ലയിൽ വോട്ട് രേഖപ്പെടുത്തി. ഒരു മണിയോടെ പകുതിയിലധികം വോട്ടർമാരും ഇടുക്കിയിൽ വോട്ട് രേഖപ്പെടുത്തി. 53.6 ശതമാനം. ഒരു മണിക്ക് ശേഷം പോളിംഗ് മന്ദഗതിയിലായി. ഉച്ചയ്ക്ക് രണ്ടരയോടെ 54.8 ശതമാനത്തിലെത്തി. ഇതോടെ വോട്ട് ചെയ്യാത്തവരെ തേടി അണികളുടെ ഓട്ടം തുടങ്ങി. അണികൾ വാഹനങ്ങളുമായി തലങ്ങും വിലങ്ങും പാഞ്ഞു. മൂന്ന് മണിയോടെ 64ഉം നാലിന് 69.29 ശതമാനവും പോളിംഗ് നടന്നു. അഞ്ച് മണിയോടെ 72.82 ശതമാനത്തിലെത്തി. പിന്നീട് കൊവിഡ് രോഗികൾ കൂടി വോട്ട് ചെയ്തതോടെ ഇത് 74.51 ശതമാനമായി ഉയർന്നു.

പൊതുവേ സമാധാനപരം

പൊതുവെ സമാധാനപരമായിരുന്നു ജില്ലയിലെ തിരഞ്ഞെടുപ്പ്. മൂന്നാറിലെ പോതമേട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ മദ്യ സത്കാരം നടത്തിയതിന് പൊലീസ് പിടിയിലായി. തൊടുപുഴ നഗരസഭയിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ വീട്ടുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലുള്ളയാൾ പി.പി.ഇ കിറ്റ് ധരിക്കാതെ വോട്ട് ചെയ്തത് തർക്കത്തിന് ഇടയാക്കിയെങ്കിലും പ്രിസൈഡിംഗ് ഓഫീസർ വോട്ടിന് സൗകര്യം ഒരുക്കി.

ഇടമലക്കുടിയിൽ 65.32 ശതമാനം
വിദൂര ഗോത്ര മേഖലയായ ഇടമലക്കുടിയിൽ65.32 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാൾ എട്ട് ശതമാനം കുറവാണിത്. മഴയും കൊവിഡുമാണ് പോളിംഗ് ശതമാനം കുറയാൻ കാരണം. 1887 വോട്ടർമാരാണ് ഇവിടെ ഉള്ളത്. തൊടുപുഴ നഗരസഭയിൽ 82.11 ശതമാനവും കട്ടപ്പനയിൽ 74.57മാണ് വോട്ടിംഗ് നില. ജില്ലയിൽ ഒരു ട്രാൻസ്ജെൻഡറും വോട്ട് രേഖപ്പെടുത്തി.

പോളിംഗ് ശതമാനം

തദ്ദേശതിരഞ്ഞെടുപ്പ്

2015- 78.33


2010- 77.51

ലോക്സഭ (2019) - 76.26

നിയമസഭ (2016) 73.59