തൊടുപുഴ: മന്ത്രി എം.എം. മണിയും എം.എൽ.എമാരുമടക്കം നിരവധി പ്രമുഖർ രാവിലെ തന്നെ ഇടുക്കിയിൽ വോട്ട് ചെയ്തു. മിക്കവരും കുടുംബസമേതമാണ് വോട്ട് ചെയ്യാനെത്തിയത്. ജില്ലയുടെ ഏക മന്ത്രി എം.എം. മണി രാവിലെ 10ന് ബൈസൺവാലി 20 ഏക്കർ സെർവന്റ് എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. കേരളകോൺഗ്രസ് (എം) നേതാവ് പി.ജെ. ജോസഫ് എം.എൽ.എ രാവിലെ ഒമ്പതരയോടെ തൊടുപുഴ പുറപ്പുഴ ഗവ. എൽ.പി.എസിലാണ് വോട്ട് ചെയ്തത്. മക്കളായ അപു, യമുന എന്നിവർക്കൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയത്. ദേവികുളം എം.എൽ.എ എസ് രാജേന്ദ്രനും കുടുംബവും മൂന്നാറിലെ ഹോസ്റ്റൽ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഏലപ്പാറ പഞ്ചായത്തിലെ 12-ാം വാർഡിലെ തണ്ണിക്കാനം ബൂത്തിൽ രാവിലെ തന്നെ പീരുമേട് എം.എൽ.എ ഇ.എസ്. ബിജിമോൾ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി. രാവിലെ 11.30ന് റോഷി അഗസ്റ്റിൻ എം.എൽ.എ ഭാര്യ റാണിക്കൊപ്പം വാഴത്തോപ്പ് പഞ്ചായത്തിലെ ഗവ. എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. ചലച്ചിത്ര നടൻ നിശാന്ത് സാഗറും ജാഫർ ഇടുക്കിയും വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. നിഷാന്ത് സാഗർ തൊടുപുഴ ന്യൂമാൻ കോളേജ് ബൂത്തിലും ജാഫർ ഇടുക്കി ഉടുമ്പന്നൂർ സെന്റ്
ജോർജ് ഹൈസ്‌കൂൾ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. അതേസമയം ഇടുക്കിയുടെ എം.പി ഡീൻ കുര്യാക്കോസിന് വോട്ട് എറണാകുളം ജില്ലയിലാണ്. തറവാട് വീടായ പൈങ്ങോട്ടൂർ പഞ്ചായത്തിലാണ് ഡീനിന്റെ വോട്ട്.
സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ഭാര്യ ശ്രീദേവിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം എല്ലക്കൽ സെൻമേരിസ് എൽ.പി സ്‌കൂളിലും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ഭാര്യ അംബികയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പം തട്ടക്കുഴ ഗവൺമെൻ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലും വോട്ട് ചെയ്തു. സി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഭാര്യ ഹസീനയ്ക്കൊപ്പം കല്ലാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെത്തി വോട്ട് ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റോയി കെ. പൗലോസ് തട്ടക്കുഴ ഗവ. ഹൈസ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. മുൻ എം.എൽ.എ എ.കെ. മണി മൂന്നാർ പഞ്ചായത്ത് ആഫീസ് ബൂത്തിലും വോട്ട് ചെയ്തു. സി.എം.പി ജില്ലാ സെക്രട്ടറി സുരേഷ് ബാബു വെങ്ങല്ലൂർ ഗുരു ഐ.ടി.ഐ, കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്ബ് മുതിയമല ഗവ. എൽ.പി. സ്‌കൂൾ, കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് ജോസ് മാത്യു പാലത്തിനാൽ നെടുങ്കണ്ടം കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ വോട്ട് ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി മാതാവ് പത്മാവതിയെയും കൂട്ടി വെങ്ങല്ലൂർ കോ- ഓപ്പറേറ്റീവ് സ്‌കൂൾ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വി. ജയേഷ് അരിക്കുഴ ഗവ.എൽ.പി സ്‌കൂൾ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദും ഭാര്യ ഫാത്തിമ്മയും കുടുംബാംഗങ്ങൾക്കൊപ്പം ന്യൂമാൻ കോളേജ് എന്നിവിടങ്ങളിൽ വോട്ടുചെയ്തു. മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ ഇത്തവണ പോസ്റ്റൽ വോട്ടാണ് ചെയ്തത്.