തൊടുപുഴ: പ്രായം 108 ആയി, പക്ഷേ, സമ്മതിദാനാവകാശം വിനിയോഗിക്കാൻ പൈങ്കനെത്തി. മണക്കാട് പഞ്ചായത്തിലെ കുന്നത്തുപാറ കാർത്തിക ഭവനിൽ പൈങ്കനാണ് പ്രായത്തിന്റെ അവശത മറന്ന് പൗരാവകാശം രേഖപ്പെടുത്താനെത്തിയത്. മണക്കാട് പഞ്ചായത്ത് ഏഴാം വാർഡിലെ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു പൈങ്കന്റെ വോട്ട്. കുടുംബാംഗങ്ങൾ താങ്ങിയാണ് പൈങ്കനെ പോളിംഗ് സ്റ്റേഷനിൽ എത്തിച്ചത്. പ്രായമേറിയ വോട്ടർ സമ്മതിദാന അവകാശം നിർവഹിക്കാൻ എത്തിയതോടെ ക്യൂവിൽ നിന്ന മറ്റുള്ളവർ വഴിമാറി അവസരമൊരുക്കി. അതിവേഗം വോട്ട് പൂർത്തിയാക്കി പൈങ്കൻ മടങ്ങി.