തൊടുപുഴ: നഗരസഭ 25-ാം വാർഡിലെ ഒളമറ്റം മുനിസിപ്പൽ നഴ്‌സറി സ്‌കൂൾ ബൂത്തിൽ മരിച്ചു പോയ ആളുടെ പേരിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം. ഇന്നലെ വൈകിട്ട് നാലരയോടെയാണ് വാർഡിലെ താമസക്കാരനാണെങ്കിലും വോട്ടർ പട്ടികയിൽ പേരില്ലാത്തയാൾ മരിച്ചയാളുടെ വോട്ടു ചെയ്യാൻ ശ്രമിച്ചതായി ആരോപണമുയർന്നത്. എൽ.ഡി.എഫ് പ്രവർത്തകനായ ഇയാൾ വോട്ടു ചെയ്യാൻ ശ്രമിച്ചതോടെ യു.ഡി.എഫിന്റെ പോളിംഗ് ഏജന്റ് ഇത് തടഞ്ഞു. തുടർന്ന് പ്രിസൈഡിംഗ് ഓഫീസർ തിരിച്ചറിയൽ രേഖകൾ ചോദിച്ചെങ്കിലും ഇതൊന്നും കൈവശമില്ലായിരുന്നു. തുടർന്ന് ഇയാളെ പോളിംഗ് ബൂത്തിൽ നിന്ന് പുറത്താക്കി. നടപടിയെടുക്കേണ്ടെന്ന് യു.ഡി.എഫ് പ്രവർത്തകർ നിലപാടെടുത്തതോടെ സംഭവത്തിൽ കേസെടുത്തില്ല.