തൊടുപുഴ: വാശിയേറിയ ത്രികോണ പോരാട്ടം നടന്ന തൊടുപുഴ നഗരസഭയിൽ റെക്കാർഡ് പോളിംഗ്- 82.11. നഗരസഭയിലെ ഭൂരിഭാഗം ബൂത്തുകളിലും രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. കൂടുതൽ വാർഡുകളിലും ശക്തമായ മൽസരം നടന്നതിനാൽ പരമാവധി വോട്ടർമാരെ ബൂത്തുകളിത്തെിക്കാനുള്ള പരിശ്രമത്തിലായിരുന്നു മുന്നണി പ്രവർത്തകർ. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള അവസാന ആളെ വരെ ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഇവർ. ഇതിനായി പ്രവർത്തകർ നടത്തിയ പ്രവർത്തനം ഫലം കണ്ടതായാണ് ഉയർന്ന പോളിംഗ് ശതമാനത്തിലൂടെ വ്യക്തമായത്. പാർട്ടി പ്രവർത്തകരുടെ ആവേശം പലപ്പോഴും ചിലയിടങ്ങളിലെങ്കിലും വാക്കേറ്റത്തിനും കൈയാങ്കളിക്കും ഇടയാക്കിയെങ്കിലും കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വാക്കേറ്റവും മറ്റും ഉണ്ടായ ഇടങ്ങളിൽ പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചു വിട്ടു.