
എല്ലാവർഷവും മുടക്കമില്ലാതെ ആഘോഷപൂർവം കൊണ്ടാടിയിരുന്ന ഉത്സവങ്ങളും പെരുന്നാളുകളുമെല്ലാം കൊവിഡ് വന്നപ്പോൾ വെറും ചടങ്ങായി മാറി. എന്നാൽ ജനാധിപത്യത്തിന്റെ മഹനീയ ഉത്സവമായ തിരഞ്ഞെടുപ്പ് അൽപ്പം വൈകിയെങ്കിലും ഇത്തവണയും ആഘോഷപൂർവം തന്നെ കൊണ്ടാടി. കൊവിഡ്- 19 പോലൊരു മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരു തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമാണ്. നാമനിർദേശപത്രികാ സമർപ്പണം മുതൽ വോട്ടെടുപ്പ് വരെ അടിമുടി കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികൾ ഒരു പരിധി വരെ കൂട്ടംകൂടാതെ, ചിഹ്നം പതിച്ച മാസ്ക് ധരിച്ച്, കൊട്ടികലാശമില്ലാതെ പ്രചരണം പൂർത്തിയാക്കി. എങ്കിലും കൊവിഡിനെ ഭയന്ന് ഭൂരിഭാഗം പേരും വോട്ട് ചെയ്യാനെത്തില്ലെന്ന ആശങ്ക മുന്നണികൾക്കുണ്ടായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് അതിരാവിലെ മുതൽ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകളിൽ ദൃശ്യമായത്. അകലം പാലിച്ച് ക്യൂ നിന്ന് സാനിറ്റൈസർ കൈയിൽ പുരട്ടി മഹത്തായ ജനാധിപത്യ പ്രക്രിയയിൽ ജനം പങ്കാളികളായി. ഉദ്യോഗസ്ഥരും വോട്ടറും പി.പി.ഇ കിറ്റ് ധരിച്ച് നിൽക്കുന്നതും ഈ തിരഞ്ഞെടുപ്പിലെ മാത്രം കാഴ്ചയായി.
പോസ്റ്റൽ വോട്ട് ആർക്കൊക്കെ?
സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമുണ്ടായിരുന്ന പോസ്റ്റൽ വോട്ടുകൾ ചെയ്യാനുള്ള സൗകര്യം ആദ്യമായി കൊവിഡ് രോഗികൾക്കും ഏർപ്പെടുത്തിയ തിരഞ്ഞെടുപ്പാണിത്. രോഗികൾ കഴിയുന്ന വീടുകളിലും എഫ്.എൽ.ടി സെന്ററുകളിലും ആശുപത്രികളിലും പി.പി.ഇ കിറ്റ് ധരിച്ച ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കാര്യമായ പരാതികൾക്കിട വരുത്താതെ ആ പ്രക്രിയ പൂർത്തിയാനാക്കാനായി. കിടപ്പ് രോഗികളെ കട്ടിലിലോ കസേരയിലോ ചുമന്ന് ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിക്കുന്ന കാഴ്ച എല്ലാ തിരഞ്ഞെടുപ്പിലും കാണാറുണ്ട്. ഈ തിരഞ്ഞെടുപ്പിലും അതിന് മാറ്റമുണ്ടായില്ല. തൊടുപുഴ നഗരസഭയിലെ ഒരു വാർഡിൽ കിടപ്പ് രോഗിയെ ആംബുലൻസിൽ പോളിംഗ് സ്റ്റേഷനിലെത്തിച്ച ശേഷം സ്ട്രെച്ചറിൽ ബൂത്തിലെത്തിച്ചാണ് വോട്ട് ചെയ്യിച്ചത്. ജനാധിപത്യ പ്രക്രിയയിൽ എല്ലാ പൗരന്മാരെയും പോലെ പങ്കാളികളാകാൻ അവർക്കും അവകാശമുണ്ട്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ രോഗം പിടിപെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ രോഗികളെ എത്തിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. കൊവിഡ് രോഗികൾക്ക് നൽകിയ പരിഗണന എന്തുകൊണ്ട് ഈ പാവങ്ങൾക്കും നൽകികൂടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിന്തിക്കേണ്ടതാണ്.
കൊവിഡ് കൂടിയേക്കും
തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് രോഗം വ്യാപിക്കുമെന്ന ആശങ്ക പല കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. അത്ര അസ്ഥാനത്തല്ല അത്. ആദ്യഘട്ടത്തിൽ മാനദണ്ഡങ്ങൾ പാലിക്കെപ്പെട്ടെങ്കിലും പ്രചരണം ചൂടുപിടിച്ചതോടെ പാർട്ടി പ്രവർത്തകർ പലരും കൊവിഡിനെ മറന്നു. വോട്ട് ചോദിക്കുമ്പോൾ പലരും മാസ്ക് ധരിക്കാൻ മടിച്ചു. വോട്ടിംഗ് സമയവും സ്ഥലപരിമിതിയും മൂലം പല പോളിംഗ് ബൂത്തുകളിലും സാമൂഹ്യ അകലം പാലിക്കാനായിരുന്നില്ല. അങ്കണവാടികൾ പോലെ വലുപ്പം കുറഞ്ഞ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ബൂത്തുകളിൽ വോട്ടർമാർ കൂടുതൽ എത്തിയതോടെ നിയന്ത്രണങ്ങൾ പാളി. പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തപ്പോഴും തിരികെ ഏൽപ്പിച്ചപ്പോഴും കേന്ദ്രങ്ങളിൽ വൻതോതിൽ കൂട്ടംകൂടുന്ന സാഹചര്യമുണ്ടായിരുന്നു.