തൊടുപുഴ : ശസ്ത്രക്രിയയുടെ പിതാവായ സുശ്രുതനെ മറന്നുള്ള ഐ എം എ നേതൃത്വത്തിലുള്ള സർജറി സമരം അവരെ അപഹാസ്യരാക്കുമെന്ന് ആയുർവേദ മെഡിക്കൽ ഓഫീസർമാർ.ശസ്ത്രക്രിയയുടെ പ്രായോഗിക വശങ്ങളും സർജറി ഉപകരണങ്ങളും ആദ്യമായി പ്രതിപാദിക്കുന്നത് സുശ്രുത സംഹിതയിൽ ആയതിനാലാണ് ഭാരതീയരുടെ തനതു വൈദ്യശാസ്ത്രമായ ആയുർവേദത്തിലെ സുശ്രുതാചാര്യനെ ആധുനിക ലോകം സർജറിയുടെ പിതാവായി കാണുന്നത്.ആയുർവേദത്തിലെ ശല്യ ശാലാക്യ വിഭാഗത്തിൽ ബിരുദാനന്തര ബിരുദം നേടിയവർ നാളുകളായി ചെയ്തു വന്നിരുന്ന ശസ്ത്രക്രിയകൾക്ക് നിയമ സാധുത ലഭിക്കാൻ കേന്ദ്രസർക്കാർ അനുവാദം നല്കിക്കൊണ്ടുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചു കൊണ്ടുള്ള ഐ എം എ നേതൃത്വത്തിൽ നാളെ നടത്തതുന്ന അലോപ്പതിക്കാരുടെ അനാവശ്യ സമരത്തിനെതിരെ ആയുർവ്വേദ ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തും. പകർച്ചവ്യാധി പ്രതിരോധം , കോവിഡ് ചികിത്സ, സർജറി എന്നിവയെല്ലാം കുത്തകയാക്കാനുള്ള ഇത്തരം ശ്രമങ്ങൾ പൊതുജനാരോഗ്യത്തിന് ഗുണകരമെല്ലെന്നും ആയുർവേദക്കാർ ഓർമ്മപ്പെടുത്തുന്നു.

സമരം നടക്കുന്ന വെള്ളിയാഴ്ച അധിക ഒപി സമയവുമായാണ് സർക്കാർ ആയുർവേദ ഡോക്ടർമാർ സമരത്തിനെതിരെ പ്രതിഷേധിക്കും. അന്നേ ദിവസം എല്ലാ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ഒരു മണിക്കൂർ കൂടുതൽ സമയം ഒ പി പ്രവർത്തിപ്പിക്കാൻ ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ സംഘടനകൾ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നതായി കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: വി.ജെ. സെബി .കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എസ്. ആർ. ദുർഗ, കേരള ഗവ. ആയുർവേദ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശ്രീരഞ്ജിനി എന്നിവർ പറഞ്ഞു.