തൊടുപുഴ: കൊവിഡ് പശ്ചാത്തലത്തിലും ഇടുക്കിയിൽ രേഖപ്പെടുത്തിയ കനത്ത പോളിംഗ് ആരെ സഹായിക്കുമെന്നതാണ് ഇപ്പോൾ മലയോരത്തെ ചർച്ചാ വിഷയം. 2015ൽ പോൾ ചെയ്തതിനേക്കാൾ നാല് ശതമാനം മാത്രമാണ് ഇത്തവണ കുറവുള്ളത്. രാവിലെ പോളിംഗ് കനത്തത് ഭരണവിരുദ്ധ വികാരമാണെന്ന് യു.ഡി.എഫും എൻ.ഡി.എയും തറപ്പിച്ച് പറയുമ്പോൾ സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ജനത പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയതാണെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. കിട്ടിയ വോട്ടുകളും ചോർന്ന വോട്ടുകളുടെയും പ്രാഥമികതല കണക്കുകൂട്ടലുകൾ വാർഡ് തലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തടകം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇത്തവണ അധികാരം പിടിച്ചെടുക്കുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്. ജില്ലാ പഞ്ചായത്തിൽ 16ൽ 12 ഡിവിഷനുകളും ലഭിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രാഥമിക വിലയിരുത്തൽ. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ചും ലഭിക്കും. നഗരസഭകളിൽ രണ്ടിലും അധികാരം പിടിക്കും. കഴിഞ്ഞ തവണത്തെ നില മെച്ചപ്പെടുത്തി 35 ലേറെ പഞ്ചായത്തുകൾ എൽ.ഡി.എഫ് പിടിക്കുമെന്നും അവർ വ്യക്തമാക്കുന്നു. യു.ഡി.എഫിന് മേൽക്കോയ്മ നിലനിറുത്തുമെന്ന് തന്നെയാണ് പോളിംഗ് രീതിയിൽ നിന്ന് വ്യക്തമാകുന്നതെന്ന് യു.ഡി.എഫ് പറയുന്നു. ജില്ലാ പഞ്ചായത്തിൽ രണ്ടിടങ്ങളിൽ കട്ട മത്സരമുണ്ടായിരുന്നെങ്കിലും 16 ഡിവിഷനും കിട്ടുമെന്നാണ് കണക്കുകൂട്ടൽ. ബ്ലോക്ക് പഞ്ചായത്തുകളെല്ലാം പിടിക്കും. സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകൾ കാരണം രണ്ട് നഗരസഭകളിലും നില മോശമാകുമെങ്കിലും അധികാരം നിലനിറുത്തും. നാല്പതിലേറെ പഞ്ചായത്തുകളിൽ ഇത്തവണ അധികാരത്തിലെത്തുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. തങ്ങളുടെ എല്ലാ വോട്ടുകളും പോൾ ചെയ്തിട്ടുണ്ടെന്ന് എൻ.ഡി.എയുടെ അഭിപ്രായം. ഇടതുപക്ഷ വിശ്വാസികൾ ചിലർ വോട്ട് ചെയ്യാതെ മാറി നിന്നിട്ടുണ്ട്. അതാണ് പോളിംഗ് ശതമാനത്തിലുണ്ടായ കുറവ്. ജില്ലാ പഞ്ചായത്തിൽ ഒന്ന് രണ്ടിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്തും. ബ്ലോക്ക് പഞ്ചായത്തുകളിൽ മൂന്നോ നാലോ ഡിവിഷനുകളിൽ ജയിക്കുമെന്നാണ് കരുതുന്നത്. തൊടുപുഴ നഗരസഭയിൽ ഇത്തവണ അധികാരം പിടിക്കും. ഇടമലക്കുടിയും വട്ടവടയുമടക്കം എട്ടോ പത്തോ പഞ്ചായത്തുകളിൽ അധികാരം പിടിക്കുകയോ നിർണായക ശക്തിയാവുകയോ ചെയ്യും. 200നടുത്ത് വാർഡുകളിൽ ജയിക്കുമെന്നും എൻ.ഡി.എ കണക്കുക്കൂട്ടുന്നു.
''രാവിലത്തെ കനത്ത പോളിംഗിന് കാരണം ഭരണവിരുദ്ധ വികാരമാണ്. ജില്ലയുടെ പല ഭാഗത്ത് നിന്നും മികച്ച റിപ്പോർട്ടാണ് കിട്ടുന്നത്. പ്രതീക്ഷിക്കാതിരുന്ന പഞ്ചായത്തുകളിൽ നിന്ന് പോലും വിജയപ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്."
അഡ്വ. എസ്. അശോകൻ (യു.ഡി.എഫ് ചെയർമാൻ)
''പോളിംഗിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വലിയ കുറവില്ല. കൊവിഡ് പോളിംഗ് നിരക്ക് കുറച്ചിട്ടുണ്ടാകാം. തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞപോലെ ഇടുതുപക്ഷ മുന്നണി വലിയ വിജയം നേടുമെന്നത് സാധൂകരിക്കുന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഭരണവിരുദ്ധവികാരമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മാറിക്കൊള്ളും."
-കെ.കെ. ശിവരാമൻ (എൽ.ഡി.എഫ് കൺവീനർ)
''സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള എതിർപ്പ് കാരണം ഇടതുപക്ഷം വിട്ടുനിന്നതാണ് പോളിംഗ് നിരക്ക് കുറയാൻ കാരണം. ഇത്തവണ നോട്ട ഇല്ലാത്തതിനാലും മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്യാൻ ബുദ്ധിമുട്ടള്ളതിനാൽ അവർ വിട്ടുനിന്നു. എൻ.ഡി.എ ഇത്തവണ നില മെച്ചപ്പെടുത്തും."
-കെ.എസ്. അജി (എൻ.ഡി.എ ചെയർമാൻ)