മൂലമറ്റം: ഇടുക്കിയിൽ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തൊടുപുഴയ്ക്ക് വരികയായിരുന്ന ഉദ്യോഗസ്ഥർ കാട്ടനക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെട്ടു. കുളമാവ് മീൻമൂട്ടിയിൽ റോഡിലാണ് കാട്ടാനകൾ നിലയുറപ്പിച്ചത്. ചൊവ്വാഴ്ച രാത്രി 12.30നായിരുന്നു സംഭവം.3 വാഹനങ്ങളിലായി എത്തിയ 15 ൽ പരം ആളുകളാണ് കാട്ടാനക്കൂട്ടത്തിൻ്റെ മുന്നിലകപ്പെട്ടത്.ഇതിൽ 5 പേർ വനിതകളായിരുന്നു.തൊടുപുഴ സ്വദേശികളായ ഉദ്യോഗസ്ഥരായിരുന്നു വാഹനങ്ങളിൽ.ഏറ്റവും മുന്നിൽ വന്ന കാർ വളവ് തിരിഞ്ഞ് വരേവെ പെട്ടന്ന് തൊട്ടു മുന്നിൽ കാട്ടാനക്കൂട്ടത്തെ കണ്ട് സഡൻ ബ്രേക്കിട്ടു. തൊട്ടുപിറകിലുണ്ടായിരുന്ന ബൈക്ക് മുന്നിലെ കാറിൽ ഇടിച്ച് മറിഞ്ഞെങ്കിലും ബൈക്ക് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.കാട്ടാനക്കൂട്ടത്തെ കണ്ടതോടെ മൂന്ന് വാഹനങ്ങളും

പെട്ടന്ന് പിന്നിലേക്ക് മാറ്റി .ഇവരുടെ പിന്നിലേക്കുള്ള യാത്രയും മറ്റ് കാട്ടാനക്കൂട്ടം റോഡിൽ നിലയുറപ്പിച്ച് തടഞ്ഞു. മുന്നിലും പിന്നിലും കാട്ടാനക്കൂട്ടത്തെ കണ്ടതോടെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഭയപ്പാടിലായി .റോഡിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം ചിന്നം വിളിക്കുന്നുണ്ടായിരുന്നു.എന്നാൽ വാഹനത്തേയോ വാഹനത്തിൽ ഉള്ളവരേയോ ആക്രമിക്കാൻ ശ്രമിച്ചില്ല. അര മണിക്കൂറോളം റോഡിൽ വാഹനങ്ങൾ മുന്നോട്ടു പോകാൻ കഴിയാതെ കാട്ടാനകളുടെ മുന്നിൽ പെട്ടു.പിന്നീട് ഇതുവഴി വന്ന മറ്റൊരു വാഹനത്തിൻ്റെ ഡ്രൈവർ ധൈര്യസമേതം വാഹനം മുന്നോട്ട് കൊണ്ടുപോയി. ഈ സമയം അരികിലേക്ക് കാട്ടാനക്കൂട്ടം മാറി നിന്നു.

ഈ സമയം ഉദ്യോഗസ്ഥരുടെ വാഹനവും അതിവേഗം കാട്ടാനക്കൂട്ടത്തെ മറി കടന്നു. ആനകൾ അക്രമ സ്വഭാവം കാണിക്കാതിരുന്നതാണ് അപകടം ഒഴിവാക്കിയതെന്ന് വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിലെത്തിയിട്ടും പലരുടേയും മനസിൽ നിന്നും ഭീതി വിട്ടകന്നിട്ടില്ലന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.