തൊടുപുഴ : അച്ഛൻ മകൾക്ക് ഇഷ്ടദാനമായി നൽകിയ പത്ത് സെന്റ് ഭൂമിയുടെ മുദ്രവില കുറച്ച് കാണിച്ചെന്നാരോപിച്ച് ജില്ലാ രജിസ്ട്രാർ ആരംഭിച്ച അണ്ടർ വാലുവേഷൻ നടപടികൾ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് അധികൃതർ അവസാനിപ്പിച്ചു.
ബന്ധുക്കൾ തമ്മിലുള്ള ധനനിശ്ചയാധാരത്തിന് മുദ്രവിലയിലും രജിസ്‌ട്രേഷൻ ഫീസിലും സർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്ന സമയത്താണ് തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി എം. രാജു മുദ്രവിലയും രജിസ്‌ടേഷൻ ഫീസും അടച്ച് ആധാരം രജിസ്റ്റർ ചെയ്തത്. എന്നാൽ പ്രമാണത്തിൽ മുദ്രവില കുറച്ച് കാണിച്ചെന്ന് പിന്നീട് പരാതിയുയർന്നു.
കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പരാതി പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ ജില്ലാ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2007 ജനുവരി 24 ന് രജിസ്റ്റർ ചെയ്ത ആധാരം സംബന്ധിച്ചള്ള അണ്ടർവാലുവേഷൻ നടപടികൾ പിൻവലിച്ചതായി ജില്ലാരജിസ്ട്രാർ കമ്മീഷനെ അറിയിച്ചു. പണം അടയ്ക്കുന്നതിൽ നിന്ന് പരാതിക്കാനെ ഒഴിവാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.