തൊടുപുഴ: എട്ടാം തീയതിയിലെ ജനവിധി ആർക്കൊക്കെ എട്ടിന്റെ പണിയാകുമെന്ന് അറിയാൻ ഇനിയും ആറ് ദിനങ്ങൾ കൂടി കാക്കണം. 16 നാണ് വോട്ടെണ്ണൽ. തങ്ങളുടെ വിധി എന്താകുമെന്ന ആശങ്കയുടെ മുൾമുനയിലാണ് സ്ഥാനാർത്ഥികളെങ്കിൽ വോട്ടർമാർക്കും സാധാ അണികൾക്കുമിത് വാതുവയ്പ്പിന്റെയും വാഗ്വാദത്തിന്റെയും ദിനങ്ങളാണ്. ചായക്കടയിലും ബാർബർ ഷോപ്പുകളിലുമിരുന്ന് തങ്ങളുടെ സ്ഥാനാർത്ഥി ജയിക്കുമെന്ന് വീരവാദം മുഴക്കുന്നത് ഈ ദിവസങ്ങളിൽ കേൾക്കാം. പന്തയംവയ്പ്പ് പലവിധമാണ്. തങ്ങളുടെ സ്ഥാനാർത്ഥികൾ തോറ്റാൽ തല മൊട്ടയടിക്കാമെന്നും മീശ പാതി വടിക്കാമെന്നും പന്തയം വെച്ചവരുണ്ട്. നിങ്ങളുടെ സ്ഥാനാർത്ഥി ജയിച്ചാൽ നിങ്ങളുടെ കൊടിയും പിടിച്ച് നിങ്ങളോടൊപ്പം വരാമെന്നു പന്തയം വെച്ചവരുണ്ട്. വേറെ ചിലരുണ്ട്,​ എന്റെ പാർട്ടി സ്ഥാനാർത്ഥി തോറ്റാൽ ഒറ്റക്കാലിൽ ഇത്ര ദൂരം ഓടാമെന്ന് പറഞ്ഞവർ. മറ്റൊരു കൂട്ടർ ഭക്ഷണ പ്രിയരാണ്. എതിരാളിയുടെ സ്ഥാനാർത്ഥി ജയിച്ചാൽ ഒരാഴ്ചത്തെ ബിരിയാണിയാണ് ഓഫർ. അഭിമാനികളായവർ തോറ്റാൽ പറഞ്ഞത് പോലെ ചെയ്യും. മറ്റു ചിലരുണ്ട് പന്തയത്തിൽ പരാജയപ്പെട്ടാൽ പറഞ്ഞ വാക്കുപാലിക്കാത്തവർ. പണമാണ് പന്തയം വയ്‌പ്പെങ്കിൽ ഇതിനൊരു മൂന്നാമനും ഉണ്ടാവും.