തൊടുപുഴ: പാർട്ടി പ്രവർത്തകരെല്ലാം ബൂത്തുതലത്തിൽ ഇന്നലെ പോൾ ചെയ്ത വോട്ടുകളുടെ കൂട്ടലിലും കിഴിക്കലിലുമാണ്. എങ്ങനെ കൂട്ടിയിട്ടും കിഴിച്ചിട്ടും വിജയ പരാജയങ്ങൾ ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇത്തവണ വോട്ടെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. പഴയ കാല പ്രചാരണ രീതികളിൽ നിന്ന് ഭിന്നമായിരുന്നു ഇത്തവണത്തെ വോട്ട്. പണ്ടൊക്കെ ബൂത്ത് ഏജന്റുമാർ വോട്ട് ചെയ്തയാളുടെ പേരിന് അടിവരയിടുന്നതോടൊപ്പം തങ്ങൾക്ക് കിട്ടുമെന്ന് ഉറപ്പുള്ളതും സാധ്യയുള്ളതും ഒപ്പം അടയാളമിട്ട് പോകുമായിരുന്നു. ഈ ലിസ്റ്റ് കണക്ക് കൂട്ടി നടത്തുന്ന കണക്കുകൾ മിക്കവാറും ശരിയായിരിക്കും. എന്നാൽ, ഇന്ന് സജീവ പാർട്ടിക്കാരല്ലാത്തവരുടെ മനസ് ആർക്കൊപ്പമാണെന്ന് മനസിലാകാത്തതാണ് പ്രശ്നം. റിബലുകളും സ്വതന്ത്രൻമാരും ശക്തി തെളിയിച്ച വാർഡുകളിൽ മുന്നണി സ്ഥാനാർത്ഥികളുടെ കണക്ക് കൂട്ടലൊക്കെ തെറ്റിയെന്ന് വരും. അവസാന മണിക്കൂറുകളിൽ അടിയൊഴുക്കുകളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതും ബാധിക്കും. എന്തായാലും ഫലം പുറത്ത് വരുന്നത് വരെ എല്ലാവരും അവരരവരുടെ സ്ഥാനാർത്ഥികളുടെ വിജയത്തിൽ വിശ്വാസം ഉറപ്പിച്ചാണ് മുന്നോട്ട് പോകുക.