തൊടുപുഴ: തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂട്ടലും കിഴിക്കലുമൊക്കെ നടത്തി ജയപരാജയ സാദ്ധ്യതകൾ വിലയിരുത്തിയശേഷം സ്ഥാനാർത്ഥികൾ വിശ്രമിക്കുന്നതാണ് പതിവ്. എന്നാൽ ഇപ്പോഴും സ്ഥാനാർത്ഥികളിൽ പലർക്കും ഇനിയും വിശ്രമമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വോട്ട് പോലും ജയപരാജയങ്ങളിൽ നിർണായകമാകുമെന്നിരിക്കെ പോളിംഗ് ബൂത്തിലെത്താൻ കഴിയാതെ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ സ്പെഷ്യൽ വോട്ട് കൂടി തങ്ങൾക്ക് അനുകൂലമാക്കാനുള്ള പ്രയത്‌നത്തിലാണ് സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ പോസ്റ്റൽ വോട്ടുകൾ ശേഖരിച്ച് നൽകാൻ പാർട്ടിപ്രവർത്തകരുടെ സഹായമുണ്ടെങ്കിലും വോട്ട് ഉറപ്പിക്കുന്നതിൽ സ്ഥാനാർത്ഥികൾ തികഞ്ഞ ജാഗ്രതയിലാണ്. ഒരുമാസത്തിലേറെ ഊണും ഉറക്കവുമില്ലാതെ നടത്തിയ പോരാട്ടത്തിന് കഴിഞ്ഞദിവസമാണ് അൽപ്പം അയവുണ്ടായത്. നേരം പുലരും മുമ്പ് വീടുവിട്ടാൽ പാതിരാത്രിയോടെയാണ് പ്രചരണ ദിവസങ്ങളിൽ പലപ്പോഴും ഇവർ വീടണഞ്ഞിരുന്നത്. പ്രവർത്തകർക്കൊപ്പം വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചരണം, തിരഞ്ഞെടുപ്പ് കമ്മിറ്രികൾ, സ്വീകരണയോഗങ്ങൾ, വാർഡിലെ വിവാഹം, മരണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ എന്നുവേണ്ട തിരക്കൊഴിയാത്ത നിമിഷങ്ങളായിരുന്നു കടന്നുപോയത്. വോട്ടെടുപ്പ് അവസാനിച്ച് വോട്ടിംഗ് മെഷീനുമായി പോളിംഗ് ഉദ്യോഗസ്ഥർ മടങ്ങിയശേഷം തിരഞ്ഞെടുപ്പ് ഓഫീസുകളിൽ പോളിംഗ് ശതമാനം കൂട്ടിയും കുറച്ചും ജനവിധി വിലയിരുത്തി വിജയപ്രതീക്ഷയോടെയാണ് സ്ഥാനാർത്ഥികൾ ഓരോരുത്തരും ദിവസം തള്ളുന്നത്.