തൊടുപുഴ: അശാസ്ത്രീയമായി തൊടുപുഴ- മൂലമറ്റം റൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന ബസ് സ്റ്റോപ്പുകൾ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. തൊടുപുഴ- മൂലമറ്റം റൂട്ടിലെ ചില ബസ് സ്റ്റോപ്പുകൾ മാറ്റണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ചിലത് പുനർ നിർണയിക്കണമെന്ന് വിവിധ കോടതികളുടെ നിർദ്ദേശവുമുണ്ട്. വളവുകളിലുള്ള ബസ് സ്റ്റോപ്പുകൾക്ക് അപകട സാധ്യതയേറെയാണ്. ഇരുവശത്ത് നിന്ന് വരുന്ന ബസുകൾക്ക് റോഡിന്റെ രണ്ട് വശങ്ങളിലും ഒരേ സ്ഥലത്തുള്ള സ്റ്റോപ്പുകളും അപകടസാധ്യത കൂട്ടുകയാണ്. വളവുകളിൽ ബസ് നിറുത്തുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. വളവായതിനാൽ മറികടക്കു മ്പോഴാകും എതിരെ വരുന്ന വാഹനം ശ്രദ്ധയിൽപ്പെടുന്നത്. പെട്ടെന്നു വേഗത നിയന്ത്രിക്കാൻ കഴിയാതെ വരുന്നതും അപകടത്തിന് കാരണമാവുകയാണ്. ഇരുചക്രവാഹനയാത്രക്കാരാണ് ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നവരിലേറെയും. തൊടുപുഴ- മൂലമറ്റം റൂട്ടിലെ ഏതാനും ബസ് സ്റ്റോപ്പുകൾ മാറ്റണം എന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സംഘടിച്ച് ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയെ സമീപിച്ചിരുന്നു. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,​ പൊലീസ്,​ മോട്ടോർ വാഹന വകുപ്പ് എന്നിവ സംയുക്തമായി പഠനം നടത്തി ചില സ്റ്റോപ്പുകൾ പുനർനിർണയിച്ചിരുന്നു. തുടർന്ന് കുറച്ച് ദിവസങ്ങൾ പുതിയ സ്റ്റോപ്പിൽ മാറ്റിയാണ് ബസുകൾ നിറുത്തിയിരുന്നത്. ഏഴാം മൈൽ, കുടയത്തൂർ മുസ്ലിം പള്ളികവല, പന്ത്രണ്ടാം മൈൽ, അറക്കുളം ഗവ. ആശുപത്രി, മുട്ടം ടൗൺ, കോടതിക്കവല, ഒളമറ്റം എന്നീ സ്റ്റോപ്പുകളാണ് പുനർനിർണയം നടത്തിയത്. എന്നാൽ പിന്നീട് അതെല്ലാം ചിലർ തകിടം മറിച്ചു. ഒളമറ്റം, പെരുമറ്റം, ഏഴാം മൈൽ, അറക്കുളം ഗവ. ആശുപത്രി, പന്ത്രണ്ടാം മൈൽ, കാവുംപടി, കുടയത്തൂർ മുസ്ലിം പള്ളിക്കവല എന്നീ ബസ് സ്റ്റോപ്പുകൾ ഇപ്പോഴും അപകടകരമായി വളവിലാണ്.