 28 പേർക്കെതിരെ കേസ്

തൊടുപുഴ: നഗരസഭ ഏഴാം വാർഡിലെ തിരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ്- യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ തുടരെ സംഘർഷം. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിൽപ്പെട്ട 28 പേർക്കെതിരെ പൊലീസ് കേസുമെടുത്തിട്ടുണ്ട്. കുമ്മംകല്ല് താളിക്കുഴയ്ക്കൽ അജാസ് (43), കെ.കെ.ആർ ജംഗ്ഷൻ കണിയാപറമ്പിൽ ജിബു കെ. ജമാൽ (33), വെങ്ങല്ലൂർ ഷാപ്പുംപടി പുത്തിരിയിൽ ദിലീപ് (45), തൊടുപുഴ ചന്തക്കുന്ന് മുണ്ടയ്ക്കൽ ഷമീർ (30) എന്നിവരെയാണ് തൊടുപുഴ സി.ഐ സുധീർ മനോഹറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. വോട്ടെടുപ്പിന് ശേഷം രാത്രിയാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ഏഴാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികൾ നിശിപ്പിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ ഷരീഫിന്റെ സഹോദരന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. അക്രമത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കും സഹോദരനും ഭാര്യയ്ക്കും മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ സന്ദർശിക്കാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീമിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു. ഈസമയം സി.പി.എം ഏരിയാ സെക്രട്ടറിയും ആശുപത്രിയിലെത്തി. ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം തിരിച്ചുപോയി. പിന്നീട് ഒരു സംഘം ആളുകൾ വീണ്ടും ആശുപത്രിയിലെത്തി അതിക്രമം നടത്തുകയായിരുന്നെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ഇതിന് പിന്നാലെ ഇന്നലെ എൽ.ഡി.എഫുകാരനായ റിയാദ് ജലാലിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. വീടിന് മുന്നിൽ കിടന്ന കാറും കസേരയും ചെടിചട്ടികളും അക്രമിസംഘം നശിപ്പിച്ചു. ഇതിന് പിന്നിൽ യു.ഡി.എഫാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. അറസ്റ്റിലായവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

ഇന്ന് പൊലീസ് സ്റ്റേഷൻ മാർച്ച്

എൽ.ഡി.എഫ് അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും