തൊടുപുഴ: കാൽനൂറ്റാണ്ടായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന ജില്ലാ പഞ്ചായത്ത് കരിമണ്ണൂർ ഡിവിഷനിൽ വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. ത്രിതല സംവിധാനം നിലവിൽ വന്നശേഷം യു.ഡി.എഫ് മാത്രമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. ഇക്കുറിയും വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയും മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ ഇന്ദു സുധാകരൻ. 10 വർഷം മുമ്പ് 16,500 വോട്ടിന് വിജയിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. വണ്ണപ്പുറം, കരിമണ്ണൂർ, കോടിക്കുളം, ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തുകളായിരുന്നു അന്ന് ഡിവിഷനിൽ ഉണ്ടായിരുന്നത്. വണ്ണപ്പുറം മാറി കുമാരമംഗലം വന്നെങ്കിലും യു.ഡി.എഫിന് സ്വാധീനമുള്ള മേഖലകളാണ്. തന്റെ മുൻകാല പ്രവർത്തനങ്ങളും അനുകൂല ഘടകങ്ങളായിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ദു സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കുടുംബകാര്യങ്ങളുമായി വീട്ടിൽ വിശ്രമിച്ച ഇന്ദു ഇന്നലെ മുതൽ വീണ്ടും യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റികളിലും തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിലും സജീവമായി കഴിഞ്ഞു. യു.ഡി.എഫ് തുടർച്ചയായി വിജയിച്ചു വരുന്ന ഇവിടെ ഇത്തവണ മാറ്റം വരുമെന്ന വിശ്വസത്തിലാണ് എൽ.ഡി.എഫിലെ കേരള കോൺഗ്രസ് (ജോസ്) വിഭാഗം സ്ഥാനാർത്ഥി റീനു ജെഫിൻ. കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് വന്നതും യു.ഡി.എഫിന് ശക്തമായ സ്വാധിനമുള്ള വണ്ണപ്പുറം പഞ്ചായത്ത് കരിമണ്ണൂർ ഡിവിഷനിൽ നിന്നും മാറി പോയതും അനുകൂലമായിട്ടുണ്ടെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. ആദ്യമായി മത്സരിച്ച തനിക്ക് വ്യക്തി ബന്ധങ്ങൾ ഗുണം ചെയ്തിട്ടുണ്ടെന്നും ജയസാധ്യതയുണ്ടെന്ന് കരുതുന്നതായും റീനു പറഞ്ഞു. ഇന്നലെ സ്വന്തം വീട്ടിലെത്തി വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ട് കാലും ശസ്ത്രക്രിയ്ക്ക് വിധേയമായ പിതാവ് സണ്ണിയെ പോയി കണ്ടു. പ്രചരണത്തിരക്കിലായതിനാൽ കാണാൻ കഴിഞ്ഞിരുന്നില്ള. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. അമ്പിളി അനിൽ ഉയർന്ന പോളിംഗ് ശതമാനത്തിൽ തികഞ്ഞ പ്രതീക്ഷ പുലർത്തുന്നു. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർത്ഥിക്ക് നാലായിരത്തോളം വോട്ടുകളാണ് ലഭിച്ചെതെങ്കിൽ ഇക്കുറി നല്ല ശുഭക്തി വിശ്വസത്തിലാണെന്ന് അമ്പിളി അനിൽ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും വിശ്രമിക്കാൻ ആയിട്ടില്ല. കഴിഞ്ഞ ദിവസവും മറ്റു ജില്ലയിൽ പ്രചരണ രംഗത്തിടപ്പെട്ടിരുന്നു. ഇന്നലെ മുതൽ അഭിഭാഷക ജോലിയിൽ വീണ്ടും സജീവമായി കഴിഞ്ഞു.