തൊടുപുഴ: കർഷകർക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുകയും കർഷക ദ്രോഹ കരിനിയമങ്ങൾ പിൻവലിക്കുകയും ചെയ്യണമെന്ന് ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി എൻ.കെ. ബിജു ആവശ്യപ്പെട്ടു. 'ചലോ ദില്ലി' കർഷക പ്രക്ഷോഭണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊടുപുഴ മുനിസിപ്പൽ പാർക്കിനു സമീപം കർഷക പ്രതിരോധസമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഐക്യദാർഢ്യ സമരകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക പ്രതിരോധസമിതി സംസ്ഥാന സെക്രട്ടറി എൻ. വിനോദ്കുമാർ അദ്ധ്യക്ഷനായിരുന്നു. ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ. ജോയ് മൈക്കിൾ, ഗാന്ധിദർശൻവേദി സംസ്ഥാന സെക്രട്ടറി ടി.ജെ. പീറ്റർ, എ.ഐ.ബി.ഇ.എ ജില്ലാ ചെയർമാൻ എബിൻ ജോസ്, പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ എൻ.യു. ജോൺ, കവി സുകുമാർ അരിക്കുഴ, ജയിംസ് കോലാനി, സെബാസ്റ്റ്യൻ എബ്രാഹം, മഹിളാ സാംസ്‌കാരിക സംഘടന താലൂക്ക് സെക്രട്ടറി പ്രഭ സിബി, പി.ജെ. മൈക്കിൾ എന്നിവർ പ്രസംഗിച്ചു. ഐക്യദാർഢ്യസമരകേന്ദ്രം എല്ലാ ദിവസവും വൈകിട്ട് നാല് മുതൽ പ്രവർത്തിക്കും.