തൊടുപുഴ: 16ന് രാവിലെ എട്ട് മുതൽ ആരംഭിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തത്സമയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'ട്രെൻഡ്' സോഫ്‌റ്റ് വെയറിൽ ലഭ്യമാകും. ട്രെൻഡ് സോഫ്‌റ്റ് വെയറിലേയ്ക്ക് വോട്ടിംഗ് വിവരം അപ്ലോഡ് ചെയ്യാനായി കൗണ്ടിംഗ് സെന്ററിൽ പ്രത്യേക മുറി സജ്ജീകരിക്കും. ഓരോ പോളിംഗ് സ്റ്റേഷന്റെയും വോട്ട് നിലവാരം രേഖപ്പെടുത്തുന്നതിന് ട്രെൻഡ് സൈറ്റിൽ നിന്ന് കൗണ്ടിംഗ് സ്ലിപ്പ് മുൻകൂറായി ഡൗൺ ലോഡ് ചെയ്ത് പ്രിന്റ് എടുക്കും. വോട്ടെണ്ണൽ പൂർത്തിയാകുന്ന മുറയ്ക്ക് കൗണ്ടിംഗ് സൂപ്പർവൈസർമാർ ഇതിൽ ഫലം രേഖപ്പെടുത്തും. തുടർന്ന് ഡേറ്റാ അപ്ലോഡിംഗ് സെന്ററിൽ എത്തിക്കുന്ന കൗണ്ടിംഗ് സ്ലിപ്പ് ഫാറത്തിലെ വിവരങ്ങൾ അപ്പോൾ തന്നെ ട്രെൻഡിൽ കൃത്യതയോട് കൂടി എൻട്രി ചെയ്യും. ഇക്കാര്യം സെന്ററിലെ സൂപ്പർവൈസർമാർ ഉറപ്പാക്കും.

കൃത്യമായ ക്രമീകരണം

ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. നഗരസഭകളിൽ അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്.

ആദ്യം പോസ്റ്റൽ വോട്ടുകൾ

പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതത് വരണാധികാരികളാണ് എണ്ണുക. വോട്ടെണ്ണൽ ആരംഭിക്കുക ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാകും. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാകും എണ്ണുക. ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.