periyarvally

ചെറുതോണി: വിനോദ സഞ്ചാരത്തിന് അനന്തസാദ്ധ്യതകളുണ്ടായിട്ടും പെരിയാർ വാലിയും കരിമ്പൻകുത്തും അധികൃതർ അവഗണിച്ചതായി പരാതി. പെരിയാർവാലി പാലം പൂർത്തിയായതോടെയാണ് ടൂറിസ സാദ്ധ്യതകൾ ഈ മേഖലയിൽ തെളിഞ്ഞത്. 2010ലാണ് പെരിയാർവാലി പാലം ഉദ്ഘാടനം നിർവഹിച്ചത്. ചേലച്ചുവട് മുരിക്കാശ്ശേരി റോഡിൽ വാത്തിക്കുടി കഞ്ഞിക്കുഴി പഞ്ചായത്തുകളെത്തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടായിരുന്നു പാലം പൂർത്തീകരിച്ചത്. ചെറുതോണി അണക്കെട്ട് തുറന്നു വിട്ടപ്പോൾ നിരവധി സന്ദർശകരായിരുന്നു .ഈ സമയത്ത് തന്നെയാണ് പാലത്തിന് ചേർന്നുള്ള കരിമ്പൻ കുത്തും കാണുന്നതിന് കൂടുതൽ സന്ദർശകരെത്തിയത്. പെരിയാറിലാണ് കരിമ്പൻ കുത്ത് സ്ഥിതിചെയ്യുന്നത്. പെരിയാർവാലി പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിനുശേഷമാണ് ആളുകൾ കരിമ്പൻ കുത്തിലേക്ക് കടന്നുചെല്ലുന്നത്. വനപ്രദേശത്തോടുകൂടിയ കുത്തിന്റെ സൗന്ദര്യം ആരെയും ആകർഷിക്കുന്നതാണ്. കരിമ്പൻ കുത്തിൽനിന്ന് വെള്ളം ഇരമ്പി വീഴുന്ന ശബ്ദം രണ്ട് കിലോമീറ്റർ ദൂരെ മലമുകളിൽ നിന്നും കേൾക്കാനാവും. മുരിക്കാശ്ശേരി റോഡിലെ വ്യൂ പോയന്റിൽ നിന്നാൽ കരിമ്പൻ കുത്തും പെരിയാർവാലി പാലവും കാണുന്നത് മറ്റൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. ടൂറിസത്തിന് നിരവധിയായ സാദ്ധ്യതകൾ ഉള്ളപ്പോഴും വിനോദസഞ്ചാര വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഈ പ്രദേശത്തെ അവഗണിച്ചിരിക്കയാണ്. കൊച്ചി മധുര ദേശീയ പാതയിലൂടെ കടന്നുപോകുന്ന സന്ദർശകർക്ക് ഒരു സൂചന ബോർഡ് പോലും സ്ഥാപിക്കാൻ ടൂറിസം ഡിപ്പാർട്ട്‌മെന്റ് തയ്യാറായിട്ടില്ല. വർഷങ്ങളായി നിരവധി സന്ദർകശകരാണ് ഇവിടെയെത്തുന്നത് ദൂരെസ്ഥലങ്ങളിൽനിന്നെത്തുന്ന സന്ദർശകർക്ക് വിശമ്രിക്കാനുള്ള സൗകര്യവും ശൗചാലയവും നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ബന്ധപ്പെട്ടവർക്ക് പരാതിനൽകിയെങ്കിലും യാതൊരു നടപടിയുമെടുത്തിട്ടില്ല. കരിമ്പൻകുത്തിനു സമീപം മിനി വൈദ്യുതി പദ്ധതി നിർമ്മിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല.