തൊടുപുഴ: നഗരസഭ ഏഴാം വാർഡിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്നലെ പ്രഖ്യാപിച്ച പൊലീസ് സ്റ്റേഷൻ മാർച്ച് ജില്ലാ കളക്ടറുടെ നിരോധന ഉത്തരവിനെ തുടർന്ന് ഉപേക്ഷിച്ചു. ജില്ലയിൽ കൊവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമ പ്രകാരം നിരോധനം ഏർപ്പെടുത്തിയത്. തൊടുപുഴ ഡിവൈ.എസ്.പിയുടെ അപേക്ഷയിലാണ് കളക്ടറുടെ ഉത്തരവ്. വോട്ടെടുപ്പു ദിവസമായ ചൊവ്വാഴ്ച രാത്രി ഏഴാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ ഷരീഫിന്റെ വീടിനു നേരെ നടന്ന ആക്രമണത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കും സഹോദരനും ഭാര്യയ്ക്കും മക്കൾക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിൽ ഉൾപ്പെടെ ഇരു കൂട്ടരും തമ്മിൽ രാത്രി വീണ്ടും സംഘർഷം നടന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലെ രാവിലെ 10ന് യു.ഡി.എഫ് പൊലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 28 പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും നാലു പേരെ മാത്രമാണ് ഇതു വരെ അറസ്റ്റു ചെയ്തത്. ഇന്നലെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് തൊടുപുഴ സി.ഐ അറിയിച്ചു.