ചെറുതോണി: കൊവിഡിനെ തുടർന്ന് ജില്ലാ ആസ്ഥാനത്തെ ടൂറിസ വികസനം ചില പ്രദേശങ്ങളിൽ വളർച്ച നേടുമ്പോൾ മറ്റു ചില പ്രദേശങ്ങളിൽ കിതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. ആഭ്യന്തര ടൂറിസ്റ്റുകൾ മാത്രമാണ് ജില്ലാ ആസ്ഥാനമേഖലയിലെ പ്രധാന ടൂറിസം സ്‌റ്റേഷനുകളിലേയ്ക്ക് കടന്നു വരുന്നുള്ളു. ലോക്ക് ഡൗണിന് ശേഷം ടൂറിസ മേഖല കൂപ്പ് കുത്തിയിരിക്കുകയാണ്. ഇതോടെ ടൂറിസത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന ചെറുകിട കച്ചവടക്കാരുടെയും ഗൈഡുകളുടെയും ജീവിതം പ്രതിസന്ധിയിലായി. വാഹന മേഖലയിൽ തൊഴിൽ ചെയ്തിരുന്നവരും ടൂറിസ വരുമാനം നിലച്ചതോടെ കടകെണിയിലായിരിക്കുകയാണ്. വൻകിട ഹോട്ടലുകളും റിസോർട്ടുകളും ഓഫ്സീസണിനെ അനുസ്മരിക്കുംവിധത്തിൽ ഭൂരിഭാഗവും ഒഴിഞ്ഞ് കിടക്കുകയാണ്.

ഇടുക്കി അണകെട്ടിലെ ടൂറിസ സാദ്ധ്യതകളാണ് ജില്ലാ ആസ്ഥാന മേഖലയിലെ ഹൈലൈറ്റ്. എന്നാൽ ശനി, ഞായർ മറ്റ് പൊതു അവധി ദിവസങ്ങൾ മാത്രമാണ് ഇവിടെ പ്രവേശനത്തിന് അനുമതിയുള്ളു. വിദേശ ടൂറിസ്റ്റുകളും ഇവിടേക്ക് കടന്നുവരാതായതോടെ ഇവിടെയും മാന്ദ്യം പ്രകടമായി.ഇതോടെ വൈദ്യുതി വകുപ്പിന്റെ ബങ്കുകൾ വാടകയ്‌ക്കെടുത്ത് കച്ചവടം നടത്തി കൊണ്ടിരുന്നവരും ദുരിതത്തിലായി. കൊവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിനുമുമ്പ് എല്ലാദിവസവും ഇടുക്കി ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു നൽകിയിരുന്നു. ദിനംപ്രതി നൂറ്കണക്കിന് സന്ദർശകനായിരുന്നു ആ സമയങ്ങളിൽ എത്തിയിരുന്നത്. കൊവിഡ് മഹാമാരി നിലനിൽക്കുന്നതിനാൽ സന്ദർശകർ ഇപ്പോൾ വളരെ കുറവാണ്.

ബൈക്ക് റൈഡർമാരുടെ

ഇഷ്ട ലൊക്കേഷൻ

ജില്ലാ ആസ്ഥാന മേഖലയിലേക്ക് ഇപ്പോൾ കടന്നു വരുന്നത് കൂടുതലും ബൈക്ക് റൈഡർമാർ ഉൾപ്പെടെയുള്ളവരും സാഹസിക വിനോദ സഞ്ചാരികളുമാണ്. പാൽക്കുളമേട്, മൈക്രോ വ്യൂ പോയിന്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ആയിരുന്നു ഇത്തരം സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര മേഖലകൾ. കൊവിഡിനെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതിന്റെ മറവിൽ വനംവകുപ്പ് ഈ രണ്ട് പ്രദേശത്തേക്കും സന്ദർശക അനുമതി നിഷേധിക്കുകയും, ഇരുമ്പ് ഗെയ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തതോടുകൂടി ഇവിടുത്തെ ടൂറിസം സാദ്ധ്യതകൾ തകർന്നിരിക്കുകയാണ്. ഇതോടെ ടൂറിസത്തെ ആശ്രയിച്ച്, വ്യാപാരം നടത്തിവന്നിരുന്ന സ്ഥാപനങ്ങൾ ഹോട്ടലുകൾ മുളക് വള്ളി, അശോക , പൈനാവ്, കരിമ്പൻ, ചുരുളി,കഞ്ഞിക്കുഴി ഉൾപ്പെടെയുള്ള മേഖലകളിൽ തളർച്ച നേരിടുകയാണ്.

കാൽവരിമൗണ്ടിലെ

മഞ്ഞ്കാലം

സന്ദർശകർ കുറച്ചെങ്കിലും കടന്നുവരുന്നത് കാൽവരിമൗണ്ട് വിനോദ സഞ്ചാര മേഖലയിലേയ്ക്കാണ്. ഇതര ജില്ലകളിൽ മഞ്ഞ്കാലം ആസ്വദിക്കാൻ സന്ദർശകർ മലമുകളിലെ ഈ വിനോദ സഞ്ചാര കേന്ദ്രത്തിലേയ്ക്ക് എത്തുന്നുണ്ട്. അടുത്തിടെ അറിയപെട്ട് തുടങ്ങിയ പുന്നയാർ കുത്ത്, പെരിയാർ വാലി, മലയെണ്ണാമല തുടങ്ങിയ മേഖലകളിലേക്കും സന്ദർശകർ ധാരാളം എത്തുന്നുണ്ട്. എന്നാൽ ജില്ലാ ആസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കുയിലിമല വ്യൂ പോയിന്റ് അടഞ്ഞുകിടക്കുന്നത് സന്ദർശകർക്കും ടൂറിസം വികസനത്തിനും വലിയ തിരിച്ചടിയാണ്. അമിനിറ്റി സെന്ററുകൾ ഒരുക്കിയും ടൂറിസ മേഖലകളിൽ സൗകര്യങ്ങൾ മെച്ചപെടുത്തണമെന്നും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് ഈ വിനോദ സഞ്ചാര മേഖലകൾ തുറന്നു നൽകണമെന്ന ആവശ്യവും ശക്തമാണ്.