ഇടുക്കി: തദ്ദേശ തിരഞ്ഞെടുണ്ടിലെ വോട്ടെണ്ണൽ നടക്കുന്ന ഓരോ കേന്ദ്രത്തിലും ഒരു ടേബിളിന് ഒരു ഏജന്റ് എന്ന തരത്തിൽ സ്ഥാനാർഥികൾക്ക് കൗണ്ടിംഗ് ഏജന്റ്മാരെ നിയോഗിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.സ്ഥാനാർഥി മത്സരിക്കുന്ന ഡിവിഷനിൽപ്പെട്ട ബൂത്തുകളിലെ വോട്ടെണ്ണുന്ന സമയത്ത് മാത്രമേ കൗണ്ടിംഗ് ഏജന്റിന് കൗണ്ടിംഗ് ഹാളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ.

കൗണ്ടിംഗ് ഏജന്റുമാർക്കുള്ള പാസിനായി ഫോം നമ്പർ 12 ൽ സ്ഥാനാർഥി/ ഏജന്റ് ഒപ്പിട്ട അപേക്ഷ അതാത് ബ്ലോക്ക് /മുനിസിപ്പാലിറ്റി വരണാധികാരികൾക്ക് സമർപ്പിക്കണം. അപേക്ഷയിൽ കൗണ്ടിംഗ് ഏജന്റുമാരുടെ ഒപ്പ് ചേർക്കണം.അപേക്ഷയ്‌ക്കൊപ്പം ഏജന്റിന്റെ സ്റ്റാമ്പ് സൈസിലുള്ള രണ്ട് ഫോട്ടോകൾ ലഭ്യമാക്കണം. ഫോട്ടോയുടെ മറുവശത്ത് ഏജന്റിന്റെ പേര് എഴുതിയിരിക്കണം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ കൗണ്ടിംഗ് ഏജന്റ്മാർക്കുള്ള പാസും അതാത് ബ്ലോക്ക് വരണാധികാരിയിൽ നിന്നും ലഭിക്കും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ച് എണ്ണുന്നതാണ്. കേന്ദ്രത്തിലേക്കുള്ള ഏജന്റ്മാർക്കുള്ള പാസ് കളക്ടറേറ്റിൽ നിന്ന് ഡിസംബർ 15 ന് വൈകുന്നേരം 5 മണിക്ക് മുൻപായി കൈപ്പറ്റണം. കൗണ്ടിംഗ് ഹാളിനുള്ളിൽ മൊബൈൽഫോൺ അനുവദിക്കുന്നതല്ല.

കൗണ്ടിംഗ് പാസുകൾ 15ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറുടെ കയ്യിൽ നിന്നും കൈപ്പറ്റണം.