തൊടുപുഴ: ജില്ലാ പഞ്ചായത്ത് രാജാക്കാട് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ കൊച്ചുത്രേസ്യ പൗലോസ് ശുഭക്തി വിശ്വാസത്തിലാണ്. തുർച്ചയായി മൂന്ന് തവണയും ഇവിടെ കൊച്ചു ത്രേസ്യയാണ് വിജയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഇവർ നാലാം തവണയും വിജയം ആവർത്തിക്കുമെന്ന് കണക്ക് കൂട്ടുന്നു. 15 വർഷം മുമ്പ് 400 വോട്ടിന്റെയും പത്ത് വർഷം മുമ്പ് 800 വോട്ടിന്റെയും കഴിഞ്ഞ തവണ 1800 വോട്ടിന്റെയും ഭൂരിപക്ഷത്തിലായിരുന്നു വിജയം. രാജാക്കാട്, രാജകുമാരി, ശാന്തമ്പാറ, ബൈസൺവാലി പഞ്ചായത്തുകളും ചിന്നക്കനാൽ പഞ്ചായത്തിലെ അപ്പർസൂര്യനെല്ലി, വിദീർ, ബീൽറാം, സിങ്കുകണ്ടം വാർഡുകളും വെള്ളത്തൂവൽ പഞ്ചായത്തിലെ ഈട്ടിസിറ്റി വാർഡുമടക്കം 57 വാർഡുകളുള്ള ഡിവിഷനിൽ ബൈസൺവാലി ഒഴികെ എല്ലാ പഞ്ചായത്തുകളിലും എൽ.ഡി.എഫ് സ്വാധീന മേഖലകളാണ്. ഇക്കുറിയും ജയം ഉറപ്പാണെന്നാണ് പോളിംഗിന് ശേഷം യു.ഡി.എഫ് വിലയിരുത്തുന്നത്. കൊച്ചുത്രേസ്യ പ്രവർത്തകരുമായി ഫോണിലും മറ്റും ആശയവിനിമയം നടത്തി വീട്ടിൽ വിശ്രമത്തിലാണ്. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗവും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ ഉഷാകുമാരി മോഹൻകുമാർ അട്ടിമറി വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ്. എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രം ഇത്തവണ കൈ വിടില്ലെന്നാണ് എല്ലാ കണക്ക് കൂട്ടലിനുശേഷം ഇടതുമുന്നണി വിലയിരുത്തുന്നത്. രണ്ട് പതിറ്റാണ്ട് മുൻമ്പ് രാജാക്കാട് ഡിവിഷനിൽ നിന്നും 15 വർഷം മുമ്പ് എൻ.ആർ.സിറ്റി ഡിവിഷനിൽ നിന്നും നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലേക്ക് ഉഷാകുമാരി വിജയിച്ചിരുന്നു. അന്ന് ലഭിച്ച സ്വീകാര്യതയും അനുകൂല ഘടകങ്ങളും വിജയസാധ്യത കൂട്ടുന്നതായി ഉഷാ കുമാരി പറഞ്ഞു. എൻ.ആർ.സി.റ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അദ്ധ്യാപിക കൂടിയായ ഉഷാകുമാരി പോളിംഗിന് ശേഷം സ്കൂളിൽ ഓൺലൈൻ ക്ലാസുകൾക്ക് പോയി തുടങ്ങി. എൻ.ഡി.എ സ്ഥാനാർത്ഥി ജയ്മോൾ ഫൽഗുണൻ മുന്നേറ്റം നടത്താനാകുമെന്ന് പ്രതീക്ഷയിലാണ്. ബി.ജെ.പി ഉടുമ്പൻചോല മണ്ഡലം വൈസ് പ്രസിഡന്റായ ജയ്മോൾക്ക് കഴിഞ്ഞ തവണ ബി.ജെ.പിയ്ക്ക് ലഭിച്ച വോട്ടിംഗ് നിലയിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് വിശ്വാസം. പ്രചാരണ വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ വീണ് ഇടതുകാൽ ഒടിഞ്ഞതിനാൽ കാര്യമായ പ്രചാരണം നടത്താൻ കഴിഞ്ഞില്ല. തുടക്കത്തിൽ കുറച്ച് ദിവസമാണ് പ്രചാരണത്തിനിറങ്ങാനായത്. വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പാണ് വീണ്ടും പോയത്. അപ്പോഴേയ്ക്കും കാലിന് നീര് ആയി. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.