തൊടുപുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അറിവുത്സമായ യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം ഒട്ടേറെ പുതുമകളോടെയാണ് ഇത്തവണ കുട്ടികളുടെ മുന്നിലെത്തുന്നത്. സ്കൂളിന് പകരം വീടും പരിസരവുമാണ് വിജ്ഞാനോത്സവ വേദി. എൽ.പി, യു.പി, എച്ച്.എസ്, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് പങ്കെടുക്കാം. ഈ വർഷം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വിജ്ഞാനോത്സവം നടക്കുന്നത്. ഒന്നാം ഘട്ടം 15 മുതൽ 30 വരെയാണ്. തിരഞ്ഞെടുത്ത യുറീക്ക ശാസ്ത്രകേരളം എന്നിവയുടെ വിവിധ ലക്കങ്ങൾ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടായ ലൂക്കയിലും വിജ്ഞാനോത്സവ വെബ്സൈറ്റായ edu.kssp.in ൽ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങൾ വായനക്കായി നിർദ്ദേശിക്കും. വായിക്കാൻ നിർദ്ദേശിക്കുന്ന യുറീക്ക, ശാസ്ത്രകേരളം, ലക്കങ്ങളുടെ പി.ഡി.എഫും ലൂക്ക ലേഖനകളുടെ ലിങ്ക് ക്ലാസ് തല വാട്സ് അപ്പ് ഗ്രൂപ്പുകളിലൂടെയും പ്രാദേശിക ഗ്രൂപ്പുകളിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും കുട്ടികൾക്ക് ലഭ്യമാകും. വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ വീഡിയോ ആയും പ്രവർത്തന മൊഡ്യൂകളായും കുട്ടികളിലെത്തും. ഓരോ പ്രവർത്തനത്തോടൊപ്പം വിലയിരുത്തൽ സൂചകങ്ങൾ നൽകുന്നു. പ്രവർത്തനങ്ങൾ പൂർത്തിയായാൽ വിലയിരുത്തൽ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് വിലയിരുത്താം. അതിന് ശേഷം അടുത്ത ഘട്ടത്തിൽ പങ്കെടുക്കുന്ന കാര്യം കുട്ടിക്ക് തീരുമാനിക്കാം. ഈ വർഷം പ്രത്യേക വിഷയം നിർദ്ദേശിച്ചിട്ടില്ല. എല്ലാ വിഷയ മേഖലകളിൽ നിന്നും പ്രവർത്തനങ്ങളുണ്ടാകും. ഒട്ടേറെ പുതുമകളുമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായിട്ടാണ് ഈ വർഷം വിജ്ഞാനോത്സവം എത്തുന്നതെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ സെക്രട്ടറി വി.വി. ഷാജി അറിയിച്ചു.