തൊടുപുഴ: ജില്ലാ പഞ്ചായത്ത് മുള്ളരിങ്ങാട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഷൈനി റെജിയുടെ വീട്ടിൽ കയറി വധഭീഷണി മുഴക്കിയവരെ അടിയന്തരമായി അറസ്റ്റു ചെയ്യണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബും ആവശ്യപ്പെട്ടു. 11 ന് രാവിലെ 11.30 നാണ് പട്ടയക്കുടിയിലുള്ള ഷൈനിയുടെ വീട്ടിൽ ബൈക്കിൽ വന്ന് രണ്ട് യുവാക്കൾ വധ ഭീഷണി മുഴക്കിയത്. വോട്ടെണ്ണൽ കഴിഞ്ഞ് സത്യപ്രതിജ്ഞയ്ക്ക് വന്നാൽ തട്ടിക്കളയുമെന്നാണ് ഭീഷണി മുഴക്കിയത്. കുറ്റവാളികളെ കണ്ടുപിടിക്കാൻ പൊലീസ് ഊർജ്ജിതമായി അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. സമീപത്തുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ കുറ്റവാളികളെ കണ്ടുപിടിക്കാം. അതിന് പൊലീസ് തയ്യാറാകണം. വണ്ണപ്പുറത്ത് സമീപ കാലത്തായി ഗുണ്ടാ വിളയാട്ടം വർദ്ധിച്ചു വരുകയാണ്. കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്നില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു.