 
ചെറുതോണി: വാഴത്തോപ്പിൽ ഇടുക്കി എക്‌സൈസ് എൻഫോഴ്സ്‌മെന്റ് വിഭാഗം നത്തിയ റെയ്ഡിൽ സ്പിരിറ്റ് കൈമാറുന്നതിനിടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആക്രി സണ്ണിയെന്നറിയപ്പെടുന്ന വടക്കേമണ്ഡപത്തിൽ തോമസ് ഫ്രാൻസീസ്, കല്ലിങ്കൻ ജോയി എന്നിവരാണ് അറസ്റ്റിലായത്. കളർചേർത്ത സ്പിരിറ്റ് കുപ്പികളിൽ നിറച്ച് ചാക്കിൽകെട്ടി കൈമാറുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തോമസ് ഫ്രാൻസീസാണ് സ്പിരിറ്റ് മൊത്തമായി കൊണ്ടുവന്ന ശേഷം കളർചേർത്തും അല്ലാതെയും കുപ്പികളിൽ നിറച്ച് മൊത്തമായി വിൽക്കുന്നത്. ജോയി ചില്ലറ വിൽപ്പനക്കാരനാണ്. 200 രൂപയിലും താഴെ ലഭിക്കുന്ന സ്പിരിറ്റ് 400 മുതൽ 700 രൂപ വരെ അധികം വാങ്ങിയാണ് വിൽക്കുന്നത്. നല്ല വീര്യം കൂടിയ സ്പിരിറ്റാണ് ഇവരുടെ പക്കൽ നിന്ന് പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാസങ്ങളായി വാഴത്തോപ്പ് കേന്ദ്രീകരിച്ച് വ്യജമദ്യം വിൽക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി നടത്തിയ പരിശ്രമത്തിനിടെയാണ് ഇന്നലെ പുലർച്ചെ രണ്ടിന് പ്രതികൾ പിടിയിലായത്. കൂടുതൽ സ്റ്റോക്കുണ്ടെന്ന് പ്രതീക്ഷിച്ച് പ്രതിയുടെ വീട്ടിലും പുരയിടത്തിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴ കേന്ദ്രീകരിച്ചുള്ള മൊത്തകച്ചവടക്കാരിൽ നിന്നാണ് ഇവർക്ക് സ്പിരിറ്റ് ലഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ക്രിസ്തുമസ്, ന്യൂഇയർ പ്രമാണിച്ച് വ്യാജമദ്യം കൊണ്ടുവരുമെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്. വ്യാജമദ്യ വിൽപ്പനയിൽ തോമസിന്റെ പേരിൽ വേറെയും കേസ് നിലവിലുണ്ട്. എക്‌സൈസ് സി.ഐ എസ്. സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ വി.ജെ. ഡൊമനിക്, കെ.ഡി. സജിമോൻ, വി.ടി. സിജു, സിവിൽ എക്‌സൈസ് ആഫീസർമാരായ ജോഫിൻ ജോൺ, കെ.എ. സുരഭി എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.