തൊടുപുഴ: തിരുപ്പിറവിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുന്നു . വിപണിയിലെ മാന്ദ്യത്തെ മറികടന്നാണ് ക്രിസ്തുമസ് കച്ചവടം നടക്കുന്നത്.നക്ഷത്രങ്ങളും പുൽക്കൂടുകളും സാന്താക്ലോസും കണ്ണഞ്ചിപ്പിക്കുന്ന എൽ.ഇ.ഡി ബൾബുകളുടെ വർണവിസ്മയുമായി കടകളിലെല്ലാം പ്രത്യേക ക്രിസ്മസ് കോർണറുകളൊരുങ്ങി. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ സാധന സാമഗ്രികൾ മൊത്തമായി കരുതൽ വെയ്ക്കക്കാനും വ്യാപാരികൾ മടികാണിക്കുന്നുണ്ട്. സാധാരണ ക്രിസ്മസ് കോർണറുകളിൽ ഡിസംബർ മാസത്തിൽ പതിവായി കാണാറുള്ള തിക്കും തിരക്കും കുറവാണ് . എങ്കിലും വരും ദിവസങ്ങളിൽ ക്രിസ്മസ് വിപണി ഉണരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. നക്ഷത്രങ്ങളും പുൽക്കൂടുകളുമാണ് വിൽപ്പനയിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഇത്തവണ എൽ.ഇ.ഡി ബൾബുകൾക്കും മെച്ചപ്പെട്ട വിൽപ്പനയുണ്ട്. വീടു മുഴുവൻ അലങ്കരിക്കാമെന്നതിനാലാണ് എൽ.ഇ.ഡി ബൾബുകൾക്ക് ആവശ്യക്കാർ ഏറുന്നത്. മീറ്റർ കണക്കനുസരിച്ചാണ് എൽ.ഇ.ഡി ലൈറ്റുകൾക്ക് വില നിശ്ചയിക്കുന്നത്. പേപ്പർ നക്ഷത്രങ്ങളെക്കാൾ എൽ.ഇ.ഡി നക്ഷത്രങ്ങൾക്കാണ് പ്രിയം . 60 മുതൽ 500 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങളാണുള്ളത്. കൂടാതെ നീളമേറിയ വാൽനക്ഷത്രങ്ങളുമുണ്ട്. ഇതിന് 250 മുതൽ 500 രൂപ വരെയാണ് വില. 100 രൂപ മുതൽ 600 രൂപ വരെയാണ് എൽ.ഇ.ഡി നക്ഷത്രങ്ങളുടെ വില. പേപ്പർ നക്ഷത്രങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള പ്രയാസവും പെട്ടെന്ന് നശിച്ചു പോകാനുള്ള സാദ്ധ്യതയും കണക്കിലെടുത്ത് എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് ഇത്തവണ ഡിമാൻഡ് കൂടുതലാണ്. തിരുപ്പിറവിയുടെ ഓർമ പുതുക്കുമ്പോൾ നക്ഷത്ര വിളക്കുകൾ കഴിഞ്ഞാൽ ആവശ്യക്കാർ ഏറെയുള്ളത് പുൽക്കൂടുകൾക്കും ക്രിസ്മസ് സെറ്റുകൾക്കുമാണ്. കേരളത്തിൽ കുടിൽ വ്യവസായമായി പുൽക്കൂടുകൾ നിർമിക്കുന്നുണ്ട്. ഇത്തരം റെഡിമെയ്ഡ് പുൽക്കൂടുകൾക്കാണ് ആവശ്യക്കാർ ഏറെ . നിർമാണത്തിലെ പുതുമയും കൂടുതൽ കാലം ഈടു നിൽക്കുന്നതുമാണ് റെഡിമെയഡ് പുൽക്കൂടുകളുടെ പ്രത്യേകത.


നീളൻ കുപ്പായവുമായി സാന്താക്ലോസ്


സാന്താക്ലോസിന്റെ നീളൻ ചുവപ്പ് കുപ്പായത്തിന് 1500 രൂപ മുതൽ 2,000 രൂപ വരെയാണ് വില.

സാന്താക്ലോസിന്റെ മുഖംമൂടിക്ക് 150 രൂപ മുതൽ 300 രൂപ വരെ വില നൽകണം. വിപണിയിൽ 500 രൂപ മുതൽ 1500 രൂപ വരെയുള്ള റെഡിമെയ്ഡ് പുൽക്കൂടുകൾ വിൽപ്പനയ്ക്കായുണ്ട്. പുൽക്കൂടുകളിൽ സ്ഥാപിക്കുന്ന രൂപങ്ങളുടെ സെറ്റിന് 200 രൂപ മുതൽ 1000 രൂപ വരെ വിലയുണ്ട്. പ്ലാസ്റ്റർ ഓഫ് പാരീസിലും പോളി മാർബിളിലും ചൈനാ നിർമിതവുമായ ക്രിസ്മസ് സെറ്റുകളാണ് വിപണിയിൽ കീഴടക്കുന്നത്. വില കൂടുതലാണെങ്കിലും പുൽക്കൂടുകൾക്കും രൂപങ്ങൾക്കും ആവശ്യക്കാർ കുറവല്ല. വിലയേറിയ ഇറക്കുമതി ചെയ്ത രൂപങ്ങളും 200 രൂപ മുതൽ വിലയുള്ള ക്രിസ്മസ് ട്രീകളും വിൽപ്പനക്കായി എത്തിയിട്ടുണ്ട്.