കട്ടപ്പന: പരിശോധന ഫലം വരുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയച്ച പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് രോഗം സ്ഥിരീകരിച്ചു. മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് കോഴിക്കോട്ടേയ്ക്കുള്ള യാത്രാമദ്ധ്യേ കൊവിഡ് സ്ഥിരീകരിച്ച വിവരം ലഭിച്ചത്. ഇതോടെ ബസിലെ ഇവരുൾപ്പടെയുള്ള 44 പേർ വെട്ടിലായി. ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സമ്മർദ്ദത്തെ തുടർന്നാണ് പരിശോധന ഫലം പുറത്ത് വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥർക്ക് പോകേണ്ടി വന്നത്. മുല്ലപ്പെരിയാർ സ്റ്റേഷനിൽ കേബിൾ പണിക്കെത്തിയ എ.ഇയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞയാഴ്ച ഏഴു പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഇതോടെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി. ഇന്നലെ കോഴിക്കോട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ടതിനാൽ രണ്ട് പേരെ വെള്ളിയാഴ്ച ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാക്കി. ഫലം വരാൻ കാത്ത് നിൽക്കേണ്ടതില്ലെന്നു പറഞ്ഞ് നിർബന്ധിച്ച് ഇരുവരോടും പുറപ്പെടാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നിർദേശിക്കുകയായിരുന്നു. ഫലം പുറത്തുവന്നതിന് പിന്നാലെ
ഇരുവരെയും തേഞ്ഞിപ്പാലം സ്റ്റേഷനിലെത്തിച്ച് അടുത്തുള്ള ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരികെ ഇടുക്കിയിലേക്ക് കൊണ്ടുവരാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇവർക്കൊപ്പമുണ്ടായിരുന്നവർ ബസിൽ തുടരുകയാണ്. ഇവർക്ക് പകരം ആളുകളെ ഡ്യൂട്ടിയ്ക്ക് ഇട്ടതിനുശേഷം ഇവരെയും തിരികെ അയക്കാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്.