രാജാക്കാട്: എല്ലക്കൽ രാജാക്കാട് റോഡിലെ തേക്കിൻകാനം കാഞ്ഞിരംവളവിൽ വാഹനാപകടം തുടർക്കഥയാകുന്നു. വെള്ളിയാഴ്ച രാവിലെ ഏഴോടെ രാജകുമാരിയിൽനിന്ന് കല്ലാറിലേക്ക് തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണംവിട്ട ജീപ്പ് മൺതിട്ടയിലിടിച്ചു കയറ്റിയതിനാൽ വൻ അപകടം ഒഴിവായി. അഞ്ചു സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആർക്കും കാര്യമായ പരിക്കില്ല. മുല്ലക്കാനം ഇറക്കം ഇറങ്ങിവന്ന ജീപ്പിന്റെ ബ്രേക്ക് തകരാറിലാകുകയായിരുന്നു. കാഞ്ഞിരംവളവ് തിരിയില്ലെന്നു മനസിലാക്കിയ ഡ്രൈവർ വളവിന് തൊട്ടുമുമ്പ് ജീപ്പ് മൺതിട്ടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അടുത്തിടെ നിരവധി അപകടങ്ങളാണ് ഈ മേഖലയിലുണ്ടായത്. ഇവിടെയുണ്ടായ അപകടത്തിൽ ഇതിനോടകം പത്തിലധികം പേർക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്.