നെടുങ്കണ്ടം: തൂവൽ വെള്ളച്ചാട്ടത്തിനു സമീപം ജാഗ്രതാ നിർദേശങ്ങൾ അടങ്ങിയ ബോർഡ് സ്ഥാപിച്ചു. അടിക്കടി അപകടങ്ങൾ ഉണ്ടായിട്ടും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കാത്തതിനെത്തുടർന്നാണ് അങ്കണവാടി വർക്കർമാർ ചേർന്ന് ഇവിടെ ബോർഡ് സ്ഥാപിച്ചത്. കാഴ്ചയ്ക്ക് മനോഹരമായ തൂവൽ വെള്ളച്ചാട്ടത്തിൽ കഴിഞ്ഞമാസം അവസാനം കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചിരുന്നു. ഇതുൾപ്പടെ തൂവലിന്റെ ഭംഗി ആസ്വദിക്കാനെത്തിയ ആറോളം ജീവനുകളാണ് പൊലിഞ്ഞത്. തൂവൽ അരുവിയുടെ ദൃശ്യഭംഗി പ്രശസ്തമായതോടെ വിവിധ പ്രദേശങ്ങളിൽനിന്നും നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്. എന്നാൽ അരുവിയിലെ അപകടാവസ്ഥ പുറത്തുനിന്നും എത്തുന്നവർക്ക് അറിയില്ല. ഇതിനാലാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർമാർചേർന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. മഞ്ഞപ്പാറ, ബഥേൽ, പൊന്നാമല, തൂവൽ, പത്തുവളവ്, കാരിത്തോട് എന്നീ അങ്കണവാടികളിലെ ആറ് വർക്കർമാർ ചേർന്നാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. തൂവൽ അരുവിയിലെ അപകടാവസ്ഥ ബോർഡിൽ പ്രതിപാദിച്ചിട്ടുണ്ട്. ഒപ്പം അശ്രദ്ധയും അറിവില്ലായ്മയും അപകടം ക്ഷണിച്ചുവരുത്തും എന്ന മുന്നറിയിപ്പും ബോർഡിലുണ്ട്.