നെടുങ്കണ്ടം: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിക്കുന്നതിനായി ഉടുമ്പൻചോല മോട്ടോർവാഹന ഓഫീസിനു കീഴിലെ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ സാധ്യതാ പഠനം നടത്തി. ഉടുമ്പൻചോല സബ് ആർ.ടി.ഒ പരിധിയിൽ അണക്കര, തൂക്കുപാലം, നെടുങ്കണ്ടം, രാജകുമാരി, രാജാക്കാട്, പൂപ്പാറ എന്നീ മേഖലകളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. ജില്ലയിൽ 50 കാമറകൾ സ്ഥാപിക്കും. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാമറകൾ 24 മണിക്കൂറും പ്രവർത്തിക്കും. കാമറ പകർത്തുന്ന നിയമലംഘനത്തിന്റെ ചിത്രങ്ങൾ മൊബൈൽ ഫോർ ജി നെറ്റുവർക്ക് വഴി മോട്ടോർ വാഹനവകുപ്പിന്റെ തിരുവനന്തപുരത്തെ സെൻട്രൽ കൺട്രോൾ റൂമിലേക്ക് അയയ്ക്കും. അവിടെ നിന്ന് അതത് ജില്ലയിലെ എൻഫോഴ്സ്‌മെന്റ് കൺട്രോൾ റുമിലേക്ക് വിവരങ്ങൾ കൈമാറും. തിരക്കേറിയ റോഡുകൾ, കുറ്റകൃത്യങ്ങൾക്ക് സാധ്യതയേറെയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രികരിച്ചാണ് കാമറകൾ സ്ഥാപിക്കുന്നത്. മറവില്ലാതെ സൂര്യപ്രകാശം ലഭിക്കുന്നതും മൊബൈൽ സിഗ്നൽ ലഭിക്കുന്നതുമായ സ്ഥലങ്ങളാണ് മേഖലയിൽ കണ്ടെത്തിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും കെൽട്രോണിലെ സാങ്കേതിക വിദഗ്ദ്ധരും സംയുക്തമായാണ് മേഖലയിൽ പഠനം നടത്തിയത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പും കെൽട്രോണും സംയുക്തമായാണ് സംസ്ഥാനത്ത് കാമറകൾ സ്ഥാപിക്കുന്നത്. ഹെൽമറ്റ് ധരിക്കാത്തവർ, സീറ്റ് ബെൽറ്റ് ഇടാത്തവർ, വൺവേ തെറ്റിച്ച് വരുന്നവർ, അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ആളുകളെ കയറ്റി യാത്രചെയ്യുന്ന വാഹനങ്ങൽ എന്നിവ കാമറകളിൽ കുടുങ്ങും. അപകടങ്ങളും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കുക എന്നതും നല്ല ഡ്രൈവിംഗ് സംസ്‌കാരം വളർത്തുകയെന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.