ചെറുതോണി: കേന്ദ്ര കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിലേക്ക് മാർച്ചു ചെയ്യുന്ന വിവിധ കർഷക സംഘടനകളുടെ സമരത്തിന് ഇടുക്കി രൂപത കാത്തലിക് ടീച്ചേർസ് ഗിൽഡ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകമായ കാർഷിക മേഖലയെ ദോഷമായി ബാധിക്കുന്ന നിയമ ഭേദഗതികളാണ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്. ഇതിനെതിരെ നിരവധി ചർച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചിട്ടും സർക്കാർ നിയമം പിൻവലിക്കാത്ത സാഹചര്യത്തിലാണ് കർഷകർ പ്രതിഷേധ സമരവുമായി തലസ്ഥാന നഗരിയിലേക്ക് നീങ്ങിയത്. സമരത്തെ ആക്ഷേപിക്കുന്നതിനും അടിച്ചമർത്തുന്നതിനും കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാനാകുന്നതല്ല. ഡിജിറ്റലൈസേഷന്റെയും സാമ്പത്തിക പുരോഗതിയുടെയും പേരുപറഞ്ഞ് ഊറ്റംകൊള്ളുന്ന നരേന്ദ്രമോദി സർക്കാർ അന്നം നൽകുന്ന കർഷക സമൂഹത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രസർക്കാർ കോർപറേറ്റുകൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ സാധാരണക്കാരെ മറക്കുകയാണ്. മോദി സർക്കാർ കർഷകരുമായി ചർച്ചകൾ നടത്തുന്നതിനും അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തയാറാകണമെന്നും കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇടുക്കി രൂപത ബിഷപ്സ് ഹൗസിൽ കൂടിയ യോഗത്തിൽ ഫാ. ജോർജ് തകിടിയേൽ, ബിനോയി മഠത്തിൽ, ജിജി ഏബ്രഹാം, സിബി വലിയമറ്റം, എം.വി. ജോർജ്കുട്ടി, ഷേർലി കെ. പോൾ, വി.ടി. ഷൈനി എന്നിവർ പ്രസംഗിച്ചു.