ചെറുതോണി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ചെറുതോണിയിൽ കർഷകർ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. നാടിനു മുഴുവൻ അന്നം തരുന്ന കർഷകരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് എല്ലാവർക്കും ചപ്പാത്തി ചുട്ട് വിതരണം ചെയ്താണ് പ്രതിഷേധപരിപാടി നടത്തിയത്. ഹൈറേഞ്ച് സംരക്ഷണസമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ സമരം ഉദ്ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളിലുള്ള കർഷകപ്രതിനിധികൾ സമരത്തിൽ പങ്കെടുത്തു. ഏറ്റവും അടിയന്തിരമായി കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊടുക്കണമെന്നും സർക്കാർ പുതിയതായി ഉണ്ടാക്കിയ മൂന്ന് കർഷകവിരുദ്ധനിയമങ്ങൾ പിൻവലിക്കണമെന്നും സമരത്തിൽ പങ്കെടുത്തവർ സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷകസമിതി നേതാക്കളായ മത്തായിച്ചൻ അഞ്ചാനി, കുഞ്ഞൂഞ്ഞ് കൂനംപാറ തുടങ്ങിയവർ പ്രസംഗിച്ചു.