
*തിരിച്ചു പിടിച്ചത് വാഗമണിലെ 79 ഏക്കറും,മൂന്നാറിലെ 17.5 ഏക്കറും
വാഗമൺ: ഇടുക്കി ജില്ലയിലെ വാഗമണിലും മൂന്നാറിലും വ്യാജ പട്ടയം ഉപയോഗിച്ച് വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തികൾ കൈയേറിയ 97 ഏക്കറോളം സർക്കാർ ഭൂമി റവന്യൂ വകുപ്പ് തിരിച്ച് പിടിച്ചു. വാഗമൺ വില്ലേജിലെ ഉളുപ്പൂണിയിൽ 79 ഏക്കർ ഭൂമിയും ഇവിടെ പണിതിരുന്ന നാല് കെട്ടിടങ്ങളും മൂന്നാർ പോതമേട്ടിൽ പതിനേഴര ഏക്കർ ഭൂമിയുമാണ് തിരിച്ചുപിടിച്ചത്.
വാഗമൺ ഉളുപ്പൂണിയിൽ 2011ൽ എറണാകുളം സ്വദേശി സിറിൾ.പി ജേക്കബാണ് സർക്കാർ ഭൂമി കൈയ്യേറി തേയില കൃഷി നടത്തുകയും കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം കോടതിയിലേക്കും നീണ്ടു. വിശദമായ പരിശോധനയിൽ ഇവർ ഹാജരാക്കിയ രേഖകൾ മറ്റൊരു സ്ഥലത്തിന്റേതാണെന്ന് ബോദ്ധ്യപ്പെട്ടു. കളക്ടർ എച്ച്.ദിനേശൻ സ്ഥലം സന്ദർശിച്ച് ഭൂ സംരക്ഷണ നിയമ പ്രകാരം ഭൂമി ഒഴിയാൻ നോട്ടിസ് നൽകി. ഇതിനു തയ്യാറാകാത്തതിനെത്തുടർന്നായിരുന്നു ഒഴിപ്പിക്കൽ .
മൂന്നാർ പോതമേട്ടിൽ വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ പതിനേഴര ഏക്കർ സർക്കാർ ഭൂമി ഇരുപത്തി അഞ്ച് വർഷത്തിന് ശേഷമാണ് തിരിച്ച് പിടിച്ചത്. ഈ ഭൂമിയിലെ 7 പട്ടയങ്ങൾ വ്യാജമാണെന്ന് 1995ൽ റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ, ഭൂമി ഏറ്റെടുക്കൽ നടപടികൾ അട്ടിമറിക്കപ്പെട്ടു. 2002ൽ ദേവികുളം തഹസിൽദാർ ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശം നൽകി. അത് നടക്കാതെ വന്നതോടെ 2004 ൽ ലാന്റ് റവന്യൂ കമ്മിഷണർ ഭൂമി ഏറ്റെടുക്കുന്നതിന് വീണ്ടും നിർദ്ദേശം നൽകി. എന്നാൽ ഏറ്റെടുക്കൽ നടപടി വൈകി. 2010ൽ, നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ സ്ഥലം ഏറ്റെടുക്കാൻ കോടതി നിർദ്ദേശിച്ചു. ഇതിനെതിരെ കൈവശക്കാരൻ കോടതിയെ സമീപിച്ചു. റവന്യൂ വകുപ്പിന്റെ നടപടി ശരിവച്ച് ഹൈക്കോടതി ഉത്തരവിറക്കിയതിനെ തുടർന്നാണ് ഇന്നലെ ഭൂമി ഏറ്റെടുത്തത്.