തൊടുപുഴ: വൈദ്യശാലയിൽ തിരുമ്മു ചികിത്സക്ക് എത്തിയ ആദിവാസി വിദ്യാർത്ഥി മരിച്ചത് അണു ബാധയെ തുടർന്നെന്ന് നിഗമനം. പനി മൂലം ആന്തരികാവയവങ്ങൾക്ക് കടുത്ത അണുബാധ പിടിപെട്ടിരുന്നു അതാകാം മരണകാരണമെന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് ഡോക്ടർമാർ വ്യക്തമാക്കിയതായി കാഞ്ഞാർ പൊലീസ് പറഞ്ഞു. ഇതേ തുടർന്ന് വിദ്യാർത്ഥിയുടെ മരണ സംബന്ധമായ കാര്യങ്ങൾ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ എടുത്ത വൈദ്യൻ ജെയിംസിനെ ഇന്നലെ ഉച്ചയോടെ പൊലീസ് വിട്ടയച്ചു. പൂമാല ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അറക്കുളം തുമ്പച്ചി ഈട്ടിക്കൽ മഹേഷിനെയാണ് (16) ശനിയാഴ്ച്ച രാവിലെ കുടയത്തൂരിലെ സ്വകാര്യ വൈദ്യശാലയിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടയത്തൂരിൽ വാടകയ്ക്ക് വീടെടുത്ത് തിരുമ്മു ചികിത്സ നടത്തി വരുന്ന മേത്തൊട്ടി കുരുവംപ്ലാക്കൽ ജെയിംസിന്റെ വൈദ്യശാലയിലാണ് മഹേഷ് ചികിത്സക്ക് എത്തിയത്. 4 മാസം മുമ്പ് മഹേഷ് വീടിനു സമീപം നെല്ലിക്ക പറിക്കാൻ മരത്തിൽ കയറിയപ്പോൾ വീണതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ വീണ കാര്യം വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു. കഴിഞ്ഞ ദിവസം കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുള്ളതായി മഹേഷ് വീട്ടുകാരോട് പറഞ്ഞതിനെ തുടർന്ന് മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു എന്നും എക്സ് റേ എടുക്കണമെന്ന് ഡോക്ടർ പറഞ്ഞിരുന്നെങ്കിലും അവിടെ തുടർ ചികിത്സയ്ക്ക് പോകാതെ നാട്ടുവൈദ്യന്റെ അടുത്തേക്കാണ് പോയതതെന്നും ബന്ധുക്കൾ പറഞ്ഞു. മഹേഷിന്റെ അമ്മാവന്റെ പരിചയത്തിലുള്ള കുടയത്തൂരിലെ നാട്ടുവൈദ്യന്റെ അടുത്ത് തിരുമ്മു ചികിത്സയ്ക്ക് വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മഹേഷും ബന്ധുക്കളും എത്തിയത്. വൈകുന്നേരത്തോടെ മഹേഷ് കൂടുതൽ അവശനായതിനാൽ ബന്ധുക്കളുടെ നിർബ്ബന്ധത്തെ തുടർന്ന് പിറ്റേന്ന് ചികിത്സ നൽകുന്നതിന് വേണ്ടി വൈദ്യശാലയിൽ വിശ്രമിക്കാനുള്ള സൗകര്യം വൈദ്യൻ ജെയിംസ് ഏർപ്പാട് ചെയ്യുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് കാഞ്ഞാർ പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.