തൊടുപുഴ: കൂട്ടലും കിഴിക്കലും കഴിഞ്ഞു, ഫലപ്രഖ്യാപനത്തിന് കാതോർത്ത് ഇനി രണ്ട് ദിനങ്ങൾ . തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വടക്കൻ ജില്ലകളിൽ ഇന്ന് നടക്കുകയാണ്. ജില്ലയിലെ തിരഞ്ഞെടുപ്പ് ആദ്യഘട്ടംതന്നെ നടന്നതിനാൽ ജയപരാജയങ്ങളെക്കുറിച്ച് മുന്നണികൾക്ക് അവലോകനം നടത്താൻ കൂടുതൽ സമയം ലഭിച്ചിരുന്നു. മൂന്ന് മുന്നണികളും ജില്ലാ പഞ്ചായത്ത് ഡിവിഷൻ തലത്തിലും മുൻസിപ്പൽ തലത്തിലും അവലോകന യോഗങ്ങൾ നടത്തി. ഡിവിഷൻ തലത്തിൽ ത്രിതല പഞ്ചായത്തിലെ മുഴുവൻ സ്ഥാനാർത്ഥികളെയും പങ്കെടുപ്പിച്ചും തിരഞ്ഞെടുപ്പ് ചുമതലക്കാരെ മാത്രം വിളിച്ച്‌ചേർത്തും മൂന്ന് മുന്നണികളും വ്യത്യസ്ഥ രീതിയലാണ് യോഗങ്ങൾ നടത്തിയത്. വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പുമായുണ്ടായ സംഘർഷങ്ങൾ ഇപ്പോഴും ആരോപണ പ്രത്യാരോപണമായി നിലനിൽക്കുന്നുണ്ട്. വീടാക്രമണവും സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തലും പ്രവർത്തകരെ ആക്രമിക്കലുമൊക്കെ നടന്ന സ്ഥലങ്ങൾ നേതാക്കൾ സന്ദർശിച്ച് വരികയാണ്. ചിലയിടങ്ങളിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത്തവണ പ്രശ്നങ്ങൾ താരതമ്മ്യേനെ കുറവായിരുന്നുവെന്നാണ് കണക്കാക്കുന്നത്.