
ഇടുക്കിയിലെ കൈയേറ്റവും കൈയേറ്റം ഒഴിപ്പിക്കലും എക്കാലവും വിവാദവിഷയമാണ്. അത് മൂന്നാർ ദൗത്യമായാലും പാപ്പാത്തിചോലയിലെ കുരിശു പൊളിക്കലായാലും മാറ്റമില്ല. എന്നാൽ യാതൊരു വിവാദങ്ങൾക്കുമിട വരുത്താതെ കഴിഞ്ഞ ദിവസം നൂറോളം ഏക്കർ കൈയേറ്റ ഭൂമിയാണ് ഇടുക്കിയിലെ രണ്ടിടങ്ങളിലായി റവന്യൂവകുപ്പ് തിരികെ പിടിച്ചത്. അതും പതിറ്റാണ്ടുകൾ പഴക്കമുള്ള കൈയേറ്റം.
സാധാരണ റവന്യൂ ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യം മുതലെടുത്ത് അവധി ദിവസങ്ങളിലാണ് ഇടുക്കിയിൽ കൈയേറ്റങ്ങൾ നടക്കാറുള്ളത്. എന്നാൽ അതുപോലൊരു അവധി ദിനം തന്നെ റവന്യൂസംഘം കൈയേറ്റം ഒഴിപ്പിക്കാനും തിരഞ്ഞെടുത്തു എന്നതാണ് പ്രത്യേകത. അതിന് നേതൃത്വം നൽകിയ ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശനെയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കാതെ തരമില്ല.
വാഗമൺ വില്ലേജ്, മൂന്നാർ പോതമേട് സി.എച്ച്.ആർ മേഖല എന്നിവിടങ്ങളിൽ നിന്നായി 100 ഏക്കറോളം കൈയേറ്റ ഭൂമിയാണ് ഒറ്റദിവസംകൊണ്ട് റവന്യൂ സംഘം തിരിച്ചുപിടിച്ചത്. വാഗമൺ വില്ലേജിലെ ഉളുപ്പൂണിയിൽ 79 ഏക്കർ ഭൂമിയും ഇവിടെ പണിതിരുന്ന നാല് കെട്ടിടങ്ങളുമാണ് പിടിച്ചെടുത്തത്. മുൻ റവന്യൂ സെക്രട്ടറി രാജൻ മധേക്കർ ഉൾപ്പെട്ട കമ്മിഷൻ കണ്ടെത്തിയ വാഗമണ്ണിലെ 21 വൻകിട കൈയേറ്റങ്ങളിൽ ഉൾപ്പെട്ടതാണ് ഈ ഭൂമി. 2010- 11ലാണ് എറണാകുളം സ്വദേശി ഇവിടെ സർക്കാർ ഭൂമി കൈയേറി തേയില കൃഷി നടത്തുകയും കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തത്. കൈയേറ്റ ഭൂമിയല്ലെന്ന് തെളിയിക്കാൻ ഓരോ വർഷവും ഇവിടത്തെ റിസോർട്ടുകളിൽ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ വിദേശരാജ്യങ്ങളിൽ നിന്നുള്ള ചിത്രകലാ വിദഗ്‌ധരും ചിത്രരചനയിൽ പ്രാവീണ്യം നേടിയിട്ടുള്ളവരും മാസങ്ങളോളം റിസോർട്ടുകളിൽ താമസിച്ചിരുന്നു. സർക്കാർ ഭൂമി കൈയേറിയ വ്യക്തിക്ക് ഉന്നതരുമായുള്ള ബന്ധമാണ് വർഷങ്ങളോളം നടപടികൾ വൈകിപ്പിച്ചത്. കൈയേറ്റ ഭൂമിയിലെ കെട്ടിടങ്ങൾക്ക് പഞ്ചായത്തിൽ നിന്ന് നമ്പർ ലഭിച്ചതും ഈ സ്വാധീനം ഉപയോഗിച്ചാണെന്ന് വേണം കരുതാൻ. കൈയേറ്റം ശ്രദ്ധയിൽപ്പെട്ട റവന്യൂ വകുപ്പ് ആദ്യം കൈയേറ്റക്കാരുടെ പേരിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് ഇവർ രേഖകൾ ഹാജരാക്കി. സ്ഥലത്തിന്റെ ഉടമാസ്ഥാവകാശം ചൊല്ലിയുള്ള തർക്കം കോടതിയിലേക്കും നീണ്ടു. വിശദമായ പരിശോധനയിൽ ഇവർ ഹാജരാക്കിയ രേഖകൾ മറ്റൊരു സ്ഥലത്തിന്റെതാണെന്ന് ബോദ്ധ്യപ്പെട്ടു. കളക്ടർ എച്ച്. ദിനേശൻ സ്ഥലം സന്ദർശിച്ച് ഭൂ സംരക്ഷണ നിയമ പ്രകാരം ഭൂമി ഒഴിയാൻ നോട്ടീസ് നൽകി. ഇതിനു തയ്യാറാകാത്തതിനെ തുടർന്നാണ് ഒഴിപ്പിച്ചത്.
ഇതേദിവസം തന്നെ മൂന്നാർ പോതമേട്ടിൽ വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സർക്കാർ ഭൂമി 25 വർഷത്തിന് ശേഷം റവന്യൂ വകുപ്പ് തിരിച്ച് പിടിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് പതിനേഴര ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തത്. 1995ൽ തുടങ്ങിയ നിയമ നപടികൾക്കാണ് ഇപ്പോൾ പര്യവസാനമായത്. മൂന്നാർ പോതമേട്ടിലെ സ്വകാര്യ റിസോർട്ടിന്റെ ഉടമസ്ഥതയിൽ 66 ഏക്കർ ഭൂമിയാണ് ഉണ്ടായിരുന്നത്. ഇതിൽ 17.5 ഭൂമിയിലെ ഏഴ് പട്ടയങ്ങൾ വ്യാജപട്ടയങ്ങളുടെ മറവിലാണ് കൈവശം വെച്ചിരിക്കുന്നതെന്ന് 1995 ൽ റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ 2002 ലാണ് ദേവികുളം തഹസിൽദാർ ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയത്. അടുത്ത വർഷം ജില്ലാ കളക്ടർ തഹസിൽദാരുടെ ഉത്തരവ് ശരിവച്ചു. എന്നാൽ ഭൂമി ഏറ്റെടുക്കൽ നടക്കാതെ വന്നതോടെ 2004 ൽ ലാന്റ് റവന്യൂ കമ്മിഷണർ ഭൂമി ഏറ്റെടുക്കുന്നതിന് വീണ്ടും നിർദ്ദേശം നൽകി. എന്നാൽ ഏറ്റെടുക്കൽ നടപടി വൈകി. ഇതിനുശേഷം 2010 ൽ 48 മണിക്കൂറിനുള്ളിൽ സ്ഥലം ഏറ്റെടുക്കാൻ കോടതി നിർദ്ദേശിച്ചു. ഇതിനെതിരെ കൈവശക്കാരൻ കോടതിയെ സമീപിച്ചു. വർഷങ്ങളോളം വ്യവഹാരം നീണ്ടു. ഇപ്പോൾ റവന്യൂ വകുപ്പിന്റെ നടപടി ശരിവച്ച് ഹൈക്കോടതി ഉത്തരവിറക്കിയതിനെ തുടർന്നാണ് ഭൂമി ഏറ്റെടുക്കാനായത്.