അണക്കര: ഡൽഹിയിൽ സമരംചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അണക്കര കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലി നടത്തി. ഏഴാംമൈലിൽനിന്നും ആരംഭിച്ച റാലി പെട്രാൾ പമ്പ് ജംഗ്ഷൻ ചുറ്റി സെൻട്രൽ കവലയിൽ സമാപിച്ചു. ബാനറുകളും പ്ലക്കാർഡുകളുമേന്തിയ നൂറിലേറെ കർഷകരും തൊഴിലാളികളും റാലിയിൽ പങ്കെടുത്തു. ചക്കുപള്ളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. പുരുഷോത്തമൻ, കെ.വി. ചാക്കോ എന്നിവർ നേതൃത്വംനൽകി.


ആദരിച്ചു

കാളിയാർ: സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ പുസ്തകവും ഫലകവും നൽകി ആദരിച്ചു. സ്‌കൂൾ മാനേജർ ഫാ. ജോൺ ആനിക്കോട്ടിൽ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ബിജു ജോസഫ്, ഹെഡ്മിസ്ട്രസ് സിനിമോൾ ജോസ്, വിദ്യാർഥികളായ തൻസി കാസിം, റീബ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.


പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു.

രാജാക്കാട്: സമ്പൂർണ പ്ലാസ്റ്റിക് നിരോധിത പഞ്ചായത്തായി പ്രഖ്യാപിച്ച രാജാക്കാട് വീണ്ടും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. പരിശോധനയിൽ 20 കിലോ പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു. രാജാക്കാട് ടൗണിലെ വിവിധ മത്സ്യ, മാംസ വിപണന കേന്ദ്രങ്ങളിൽ ഇവയുടെ ഉപയോഗം കൂടുതലുള്ളതായി വിവരം ലഭിച്ചതിനെതുടർന്നാണ് കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് കാരി ബാഗുകൾ ശേഖരണ കേന്ദ്രത്തിലേക്ക് മാറ്റി. വ്യാപാര സ്ഥാപനങ്ങൾക്ക് താക്കീതും നൽകി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ.സി. സുജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പഞ്ചായത്ത് സൗജന്യമായി എല്ലാ വീട്ടുകാർക്കും ചണസഞ്ചികൾ നൽകിയിരുന്നു. വീണ്ടും പ്ലാസ്റ്റിക് കാരിബാഗ് വില്പന നടക്കുന്നതായി പരാതി ലഭിച്ചതിനെതുടർന്നാണ് പരിശോധന നടത്തിയത്.

വളവിലെ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കണം

കാഞ്ഞാർ: തൊടുപുഴ മൂലമറ്റം റോഡിലുള്ള ബസ് സ്റ്റോപ്പുകളിൽ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നതു വളവുകളിൽ. ഇവിടെ ബസ് നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് വലിയ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്. വളവുകളിൽ ബസ് നിർത്തിയിടുന്നതിനാൽ ഇരുവശങ്ങളിൽനിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് റോഡ് വേണ്ടവിധം കാണാനാകുന്നില്ല. നിർത്തിയിട്ടിരിക്കുന്ന ബസിനെ മറികടന്ന് എത്തുമ്പോഴാണ് എതിർദിശയിലുള്ള വാഹനം ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുകയുള്ളൂ. തലനാരിഴയ്ക്കാണ് പലപ്പോഴും അപകടം ഒഴിവാകുന്നത്. തൊടുപുഴ മുതൽ മൂലമറ്റം വരെയുള്ള ബസ് സ്റ്റോപ്പുകളിൽ എട്ടെണ്ണവും വളവുകളിലാണുള്ളത്.