തൊടുപുഴ: ജനവിധിയെന്തെന്നറിയാനുള്ള നീണ്ട കാത്തിരിപ്പിന് നാളെ വിരാമമാകും. ആര് വാഴുമെന്നും ആര് വീഴുമെന്നുമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കുക ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാകും . പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒമ്പത് മണിയോടെ ട്രെൻഡ് മനസിലാകും. ഉച്ചയോടെ ജില്ലയിലെ മൊത്തം വിജയചിത്രം തെളിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡിനിടയിലും ഉയർന്ന പോളിംഗ് നിരക്ക് തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് എല്ലാ മുന്നണികളും. ഭരണവിരുദ്ധ തരംഗമാണ് പ്രതിഫലിച്ചതെന്ന് യു. ഡി. എഫ് കണക്ക് കൂട്ടുമ്പോൾ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെ ജനം അംഗീകരിക്കുമെന്ന് ഇടതുപക്ഷവും വിശ്വസിക്കുന്നു. ഹൈറേഞ്ച് സംരക്ഷണസമിതി നിർജീവമായതും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പിച്ച ജയവും യു.ഡി.എഫിന്റെ പ്രതീക്ഷകളെ ഇരട്ടിപ്പിക്കുന്നുണ്ട്. ജോസ് വിഭാഗം ഒപ്പമെത്തിയതോടെ യു.ഡി.എഫിന്റെ മേൽക്കോയ്മ അവസാനിപ്പിക്കുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ബി.ഡി.ജെ.എസിന്റെ ബലത്തിൽ ശക്തമായ സാന്നിദ്ധ്യം അറിയിക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൻ.ഡി.എയും. പ്രാദേശിക വികാരങ്ങളുടെ വേലിയേറ്റവും അലയൊലികളുമൊക്കെയാവും പഞ്ചായത്ത് തലത്തിലുള്ള ഫലങ്ങളുടെ അടിസ്ഥാന ഘടകമാവുന്നത്. ദേശീയ- സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾ അതിനുശഷമാവും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. വോട്ടെണ്ണൽ പുലരിയിലേക്ക് ഒരു ദിനം മാത്രം ശേഷിക്കെ ഫലം എന്തുതന്നെയായാലും രണ്ടുകൈയും നീട്ടി സ്വീകരിക്കാൻ മനസിനെ പാകപ്പെടുത്തിയിരിക്കുകയാണ് ഭൂരിഭാഗം സ്ഥാനാർത്ഥികളും.
തോൽക്കാൻ ഞങ്ങൾക്ക് മനസില്ല
അവകാശ വാദത്തിൽ മൂന്ന് മുന്നണികളും പുറകിലല്ല. ജില്ലാ പഞ്ചായത്തിൽ 16 ഡിവിഷനും കിട്ടുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ബ്ലോക്ക് പഞ്ചായത്തുകളെല്ലാം പിടിക്കും. സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകൾ കാരണം രണ്ട് നഗരസഭകളിലും നില മോശമാകുമെങ്കിലും അധികാരം നിലനിറുത്തും. നാല്പതിലേറെ പഞ്ചായത്തുകളിൽ ഇത്തവണ അധികാരത്തിലെത്തുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. ജില്ലാ പഞ്ചായത്തിൽ 16ൽ 12 ഡിവിഷനുകളും ലഭിക്കുമെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ചും ലഭിക്കും. നഗരസഭകളിൽ രണ്ടിലും അധികാരം പിടിക്കും. 35 ലേറെ ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്നും അവർ വ്യക്തമാക്കുന്നു. ജില്ലാ പഞ്ചായത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ബ്ലോക്ക് പഞ്ചായത്തുകളിൽ മൂന്നോ നാലോ ഡിവിഷനുകളിൽ ജയിക്കുമെന്നുമാണ് എൻ.ഡി.എ കരുതുന്നത്. തൊടുപുഴ നഗരസഭയിൽ ഇത്തവണ അട്ടിമറി ജയം നേടും. എട്ടോ പത്തോ പഞ്ചായത്തുകളിൽ അധികാരം പിടിക്കുകയോ നിർണായക ശക്തിയാവുകയോ ചെയ്യുമെന്നും അവർ കണക്കുക്കൂട്ടുന്നു.
2015ലെ കക്ഷിനില
 ജില്ലാ പഞ്ചായത്ത്- 16
യു.ഡി.എഫ്- 10
എൽ.ഡി.എഫ്- 06
 ബ്ളോക്ക് പഞ്ചായത്തുകൾ
യു.ഡി.എഫ്- ആറ്
എൽ.ഡി.എഫ്- രണ്ട്
 നഗരസഭകൾ
കട്ടപ്പന- യു.ഡി.എഫ്
തൊടുപുഴ- യു.ഡി.എഫ്
 ഗ്രാമപഞ്ചായത്തുകൾ
യു.ഡി.എഫ്- 25
എൽ.ഡി.എഫ്- 27