തൊടുപുഴ : ബി.ജെ.പി സർക്കാർ പാസാക്കിയ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് പരിപൂർണ്ണ പിന്തുണ നൽകണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ അഭ്യർത്ഥിച്ചു. ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം തൊടുപുഴയിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖല അന്താരാഷ്ട്ര കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്ന നിയമമാണ് സർക്കാർ നടപ്പിലാക്കിയത്. കർഷകരുടെ ഉത്പ്പന്നങ്ങൾ വിൽക്കാനും ന്യായമായ വില ഉറപ്പു വരുത്താനും നിലവിലുണ്ടായിരുന്ന സംവിധാനം പാടേ തകർക്കുന്നതാണ് പുതിയ നിയമം. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല. നിലവിലുള്ള മാർക്കറ്റ് സംവിധാനങ്ങൾ ഇല്ലാതാക്കുന്ന നിയമമാണ് നടപ്പിലാക്കുന്നത്. ഭാരതത്തിന്റെ നട്ടെല്ലായ കർഷകനെ തകർക്കുന്നതുമൂലം ഉൽപാദനത്തിന് വലിയ ഇടിവുണ്ടാകും. കൃഷി ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ് സംജാതമാകുന്നത്. ഇത് ഇന്ത്യൻ കർഷകന്റെ ജീവിതം കൂടുതൽ ദുരിത പൂർണ്ണമാകുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. പ്രൊഫ. എം.ജെ.ജേക്കബ്, അഡ്വ. ജോസഫ് ജോൺ, അഡ്വ ജോസി ജേക്കബ്, തമ്പി മാനുങ്കൽ, വർഗ്ഗീസ് വെട്ടിയാങ്കൽ, മനോഹർ നടുവിലേടത്ത്, സണ്ണി കളപ്പുര, ടോമി കാവാലം, ബൈജു വറവുങ്കൽ, സുരേഷ് വാലുമ്മേൽ, ഫിലിപ്പ് ചേരിയിൽ, സി.എച്ച്. ഇബ്രാഹിംകുട്ടി, ജോയി പുത്തേട്ട്, ഷാജി അറയ്ക്കൽ, ജോയി ജോസഫ് , ക്ലമന്റ് ഇമ്മാനുവേൽ തുടങ്ങിയവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.