തൊടുപുഴ : പോസ്റ്റൽ ബാലറ്റിന്റെ മറവിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ സി പി എം ആസൂത്രിത നീക്കങ്ങൾ നടത്തുന്നതായി യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി പോസ്റ്റൽ ബാലറ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധന ഉണ്ടായിരിക്കുന്നത് സംശയാസ്പദമാണ്. പല വാർഡുകളിലും ജയപരാജയങ്ങൾ തീരുമാനിക്കുന്നത് വളരെ ചെറിയ ശതമാനം വോട്ടുകളാണ്. പോസ്റ്റൽ ബാലറ്റിൽ കൃത്രിമം കാണിച്ചാൽ ഫലം അട്ടിമറിക്കാനാവും എന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടൽ. പല വാർഡുകളിലും തൊണ്ണൂറിലധികം പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്തതായാണ് പോളിംഗ് സ്റ്റേഷനുകളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. പോസ്റ്റൽ ബാലറ്റുകളിലെ കൃത്രിമത്വത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു.