കിലയിലെ പരിശീലനം ഇത്തവണ ഓൺലൈനിൽ
തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിശീലനം നൽകാൻ 'കില'യിൽ ഒരുക്കങ്ങളായി. ജനപ്രതിനിധികളുടെ ചുമതലകളും അവ കൃത്യതയോടെ നിർവ്വഹിക്കുന്നതിനുമാവശ്യമായ പരിശീലനം നൽകുന്നതിനുമാണ് തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ തൃശൂർ മുളങ്കുന്നത്ത് കാവിലെ കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ) വിപുലമായ സംവിധാനം ഒരുക്കുന്നത്.മുൻ കാലങ്ങളിൽ തൃശൂരിലെ കില ആസ്ഥാനത്ത് വെച്ചാണ് പരിശീലനം നൽകിയിരുന്നത്.എന്നാൽ കൊവിഡ് നിയന്ത്രണത്താൽ അതാത് തദ്ദേശ സ്ഥാപനങ്ങളിൽ സജ്ജമാക്കുന്ന ഓൺ ലൈൻ സാങ്കേതിക സംവിധാനത്തിലാണ് പരിശീലനം ഒരുക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 21 ന് ജനപ്രതിനിധികൾക്കുള്ള സത്യപ്രതിജ്ഞയും അതിന് ശേഷം അദ്ധ്യക്ഷരെ തിരഞ്ഞെടുക്കലും കഴിഞ്ഞാൽ 28 ന് പരിശീലനം നൽകാനാണ് കില ലക്ഷ്യമിടുന്നത്.ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും ലഭ്യമാക്കണം.ജില്ലയിൽ ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്ത്, നഗരസഭ അംഗങ്ങൾ എന്നിങ്ങനെ പ്രത്യേകം മോഡ്യൂളുകളിലാവും പരിശീലനം.സംശയങ്ങൾക്ക് മറുപടി നൽകാൻ ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും റിസോഴ്സ് ടീം ഉണ്ടാകും.
പരിശീലന വിഷയങ്ങൾ
പൊതുഭരണം,ആസൂത്രണം, ധനകാര്യ മാനേജ്മന്റ്, പൊതുമരാമത്ത്,സാമൂഹ്യ ക്ഷേമം, സാമൂഹ്യ നീതി,സ്ത്രീ ശാക്തീകരണവും ലിംഗനീതിയും എന്നിങ്ങനെയുള്ള വിഷയങ്ങളിൽ പ്രാഥമിക വിവരങ്ങളാണ് ആദ്യ ഘട്ട പരിശീലനം.തദ്ദേശഭരണ സംവിധാനം എന്തെന്നും ഈ വിഷയങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുക എന്നതും ഇവയുടെ ഭാഗമാണ്.പ്രാഥമിക പരിശീലനങ്ങൾക്ക് ശേഷം 202122 ലേക്കുള്ള വാർഷിക പദ്ധതി ബജറ്റ് തയ്യാറാക്കൽ എന്നിവക്ക് പരിശീലനം ആരംഭിക്കും.തുടർന്ന് വിവിധ സ്റ്റാന്റിംഗ്കമ്മിറ്റി അംഗങ്ങൾ,വനിതാ ജനപ്രതിനിധികൾ എന്നിവർക്കുളള പ്രത്യേക പരിശീലനത്തിനും തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നു.സമഗ്ര മാലിന്യ നിർമ്മാർജ്ജനം,സ്ഥലമാനപരമായ ആസൂത്രണം,ദുരന്ത നിവാരണം, കാലാവസ്ഥാ വ്യതിയാനത്തിനായുള്ള പ്രാദേശിക കർമ പദ്ധതി,ലിംഗനീതി അടിസ്ഥാനത്തിലുള്ള തദ്ദേശ ഭരണം, പട്ടിക ജാതിപട്ടിക വർഗ സഹൃദം, കൃഷി അനുബന്ധ മേഖലകൾ,ബാലസൗഹൃദം,വയോജനം,ഭിന്നശേഷി,സ്വാന്ത്വന ചികിത്സയും പരിചരണവും,സേവനങ്ങളിലെ ഗുണമേന്മ തുടങ്ങിയ വിഷയങ്ങളിലാവും അടുത്ത ഘട്ട പരിശീലനം.
ജില്ലയിൽ 981 ജനപ്രതിനിധികൾ
ജില്ലയിൽ 52 ഗ്രാമ പഞ്ചായത്തുകളിലായി 792 ഉം, 8 ബ്ലോക്ക് പഞ്ചായത്തുകളിലായി 104 ഉം, 2 നഗരസഭകളിലായി 69 ഉം ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിൽ 16 ഉം എന്നിങ്ങനെ ആകെ 981 അംഗങ്ങളാണ് ജില്ലയിൽ തദ്ദേശ ഭരണത്തിൽ എത്തുന്നത്.