തൊടുപുഴ: ശക്തമായ ത്രികോണ പോരാട്ടത്തിന് സാക്ഷിയായ തൊടുപുഴ നഗരസഭയിൽ ഇത്തവണ അട്ടിമറിയുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭരണം നിലനിറുത്തുമെന്ന് യു.ഡി.എഫും തിരിച്ചു പിടിക്കുമെന്ന് എൽ.ഡി.എഫും ചരിത്രം സൃഷ്ടിക്കുമെന്ന് എൻ.ഡി.എയും അവസാന നിമിഷവും അവകാശപ്പെടുന്നു. നിലവിലെ ഭരണ സമതിയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും യു.ഡി.എഫായിരുന്നു ഭരിച്ചിരുന്നത്. 35 വാർഡുള്ള നഗരസഭയിൽ യു.ഡി.എഫിന് 14ഉം എൽ.ഡി.എഫിന് 13ഉം എൻ.ഡി.എയ്ക്ക് 8 സീറ്റും സീറ്റുകളാണുണ്ടായിരുന്നത്. മുന്നണി തീരുമാനപ്രകാരം പുതിയ ചെയർപേഴ്‌സനെ തിരഞ്ഞെടുക്കുന്നതിനിടെ ഒരാളുടെ വോട്ട് ആസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് ഭരണം ലഭിച്ചിരുന്നു. ആറ് മാസത്തിന് ശേഷം യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ബി.ജെ.പി പിന്തുണയിൽ പാസായി. തുടർന്ന് യു.ഡി.എഫ് ഭരണം തിരികെ പിടിക്കുകയായിരുന്നു.

കേരള കോൺഗ്രസുകൾക്കുള്ള സ്വാധീനം പല വാർഡുകളിലും തിരഞ്ഞെടുപ്പ് ഫലത്തെ നിർണായകമാക്കും. കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം നേടാൻ കഴിയാതിരുന്ന യു.ഡി.എഫ് ഇത്തവണ അതുറപ്പിക്കുമോയെന്ന് കണ്ടറിയണം. സ്ഥാനാർത്ഥി നിർണയത്തിലടക്കം കല്ലുകടിയുണ്ടായത് യു.ഡി.എഫിന് തുടക്കം മുതൽ ക്ഷീണം ചെയ്തിരുന്നു. വിമതശല്യവും വലിയ തലവേദനയായിരുന്നു. ഇതെല്ലാം മറികടന്ന് വമ്പിച്ച ജയം നേടുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ അവകാശവാദം. കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശത്തിലൂടെ നഗരസഭയിൽ ശക്തമായി തിരിച്ചുവരവ് നടത്തുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പുകൾ ഉറച്ചുവിശ്വസിക്കുന്നു. അതേ സമയം 2010ൽ നാല് സീറ്റും 2015ൽ എട്ട് സീറ്റും നേടിയ എൻ.ഡി.എ ഇത്തവണ ഇരു മുന്നണികളെയും പിന്നിലാക്കി 16 സീറ്റും നേടി ഭരണം പിടിക്കുമെന്ന് അവകാശപ്പെടുന്നു.

ആരാകും ചെയർമാൻ

1978 നവംബറിൽ രൂപീകൃതമായ തൊടുപുഴ നഗരസഭയിൽ ഇടതും വലതും മാറി മാറി ഭരിച്ചിട്ടുണ്ട്. ഇക്കാലയളവിൽ നിരവധി പ്രമുഖർ ചെയർമാനും ചെയർപേഴ്സണുമായി. നഗരസഭ രൂപീകരിച്ച ആദ്യ പത്തുവർഷം സ്‌പെഷ്യൽ ആഫീസറുടെ കീഴിലായിരുന്നു ഭരണം. 1988ൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന്റെ ആദ്യ ചെയർമാനായത് സി.പി.എമ്മിലെ അഡ്വ. എൻ. ചന്ദ്രനായിരുന്നു. ഏഴര വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് എൽ.ഡി.എഫ് വിമതൻ എം.പി. ഷൗക്കത്തലി ചെയർമാനായി. തിരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മിലുണ്ടായ തർക്കമാണ് ഔദ്യോഗിക സ്ഥാനാർത്ഥി പ്രൊഫ. കൊച്ചുത്രേസ്യയെ പരാജയപ്പെടുത്തി ഷൗക്കത്തലി ചെയർമാനാകാനിടയാക്കിയത്. തുടർന്ന് ഇടത് സ്വതന്ത്രൻ രാജീവ് പുഷ്പാംഗഥൻ സ്ഥാനമേറ്റു. അഞ്ചുവർഷത്തിന് ശേഷം യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച് ഷൗക്കത്തലി വീണ്ടും നഗരസഭ ചെയർമാനായി. മുന്നണി ധാരണയനുസരിച്ച് ഒരു വർഷത്തിന് ശേഷം രാജിവെച്ചതിനെ തുടർന്ന് മനോഹർ നടുവിലേടത്ത്, ബാബു പരമേശ്വരൻ എന്നിവർ യു.ഡി.എഫ് ബാനറിൽ ചെയർമാന്മാരായി. കോൺഗ്രസിലെ ഷീജ ജയനാണ് കാലങ്ങൾക്ക് ശേഷം അഞ്ച് വർഷം തികച്ച് ഭരിച്ചത്. പിന്നീട് ടി.ജെ. ജോസഫ്, എ.എം. ഹാരിദ്, ജെസി ആന്റണി, സഫിയ ജബാർ, മിനി മധു എന്നിവരും നഗരസഭാ തലപ്പത്തെത്തി. കോൺഗ്രസിലെ സിസിലി ജോസായിരുന്നു 2015 ഭരണസമിതിയിലെ അവസാന അദ്ധ്യക്ഷ. ഇത്തവണ ആരാകും ചെയർമാനെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.