തൊടുപുഴ: നഗരത്തിലെ പ്രധാന പാതകളിലൊന്നായ അമ്പലം ബൈപ്പാസ് റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. പകുതി ഭാഗം വൺവേയായ ഈ റോഡിന്റെ ഇരുവശവുമുള്ള അനധികൃത പാർക്കിംഗാണ് കുരുക്കിന് പ്രധാന കാരണം. എസ്.ബി.ഐ ബാങ്കിലും എ.ടി.എമ്മിലുമെത്തുന്നവരെല്ലാം വാഹനം റോഡിൽ പാർക്ക് ചെയ്ത ശേഷമാണ് പോകുന്നത്. ചില സമയങ്ങളിൽ റോഡിന്റെ പകുതി വരെ ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതായി കാണാം. ബാങ്ക് സ്ഥിതി ചെയ്യുന്ന കോംപ്ലക്സിനുള്ളിൽ വിശാലമായ പാർക്കിംഗ് സൗകര്യമുണ്ടെങ്കിലും ആരും പ്രയോജനപ്പെടുത്താറില്ല. അപ്പുറത്തും ഇപ്പുറത്തുമുള്ള റോഡരികിൽ പാർക്ക് ചെയ്യാനാണ് എല്ലാവർക്കും താത്പര്യം. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് കടക്കാനാവാത്ത വിധം വഴിയടച്ച് പാർക്ക് ചെയ്യുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വ്യാപാരികൾ ഇത് ചോദ്യം ചെയ്യുന്നത് പലപ്പോഴും കശപിശയ്ക്ക് ഇടയാക്കാറുണ്ട്. വ്യാപാരികൾ ഇക്കാര്യം നഗരസഭാ അധികൃതരെയും പൊലീസിനെയും അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഗതാഗത കുരുക്ക് ഉണ്ടാകുമ്പോൾ പൊലീസ് വരുമെന്നതല്ലാതെ അനധികൃത പാർക്കിംഗിനെതിരെ ഒരു നടപടിയും സ്വീകരിക്കാറില്ല. സിവിൽ സ്റ്റേഷന് സമീപത്തെ റോഡരികിൽ ഇത്തരത്തിൽ വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യുന്നുണ്ട്. റോഡ് കൈയേറിയുള്ള വഴിയോരകച്ചവടവും സമരപന്തലും കുരുക്കിന് ഇടയാക്കുന്നുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് നിറുത്തി ആളെ കയറ്റുമ്പോഴും പലപ്പോഴും പിന്നിൽ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ഇടയുണ്ടാകാറില്ല. പലരും വൺവേ തെറ്റിച്ച് സിവിൽ സ്റ്റേഷന്റെ ഭാഗത്തേക്ക് വരുന്നതും എതിരെ വരുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കാറുണ്ട്. ഒപ്പം ഇതിനടത്ത് തന്നെ പൊലീസിന്റെ വാഹനപരിശോധന കൂടിയാകുമ്പോൾ കുരുക്ക് പൂർണമാകും.