തൊടുപുഴ: നഗരത്തിൽ പാതയോരം കൈയേറി പച്ചക്കറി വ്യാപാരവും മറ്റും നടത്തി വന്നിരുന്ന വഴിയോര കച്ചവടക്കാരെ പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. പാതകളിൽ ടൈൽ പാകുന്ന ജോലികളുടെ ഭാഗമായാണ് റോഡ് കൈയേറി വ്യാപാരം നടത്തി വന്നിരുന്നവരെ പൊതുമരാമത്ത് വകുപ്പ് അധികൃതർ ഒഴിപ്പിച്ചത്. കാഞ്ഞിരമറ്റം- മങ്ങാട്ടുകവല ബൈപ്പാസിൽ ന്യൂമാൻ കോളജ് ജംഗ്ഷൻ, വിമല സ്‌കൂൾ ജംഗ്ഷൻ, കാഞ്ഞിരമറ്റം റൗണ്ട് എന്നിവിടങ്ങളിലാണ് ടൈൽ പാകുന്ന ജോലികൾ നടക്കുന്നത്. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണം മറി കടന്നും പാതയോരങ്ങളിൽ ഉന്തുവണ്ടികളിലും താത്കാലിക ഷെഡുകളിലും പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടെ വിൽപ്പന നടന്നു വരുന്നുണ്ട്. ഇത്തരം വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വരുന്നവർ സ്വകാര്യ വാഹനങ്ങൾ നിറുത്തിയിടുന്നതോടെ ഗതാഗത തടസവും പതിവായുണ്ടാകും. ഇക്കാര്യത്തിൽ പൊലീസും കാര്യമായ നടപടിയെടുക്കാറില്ല. വഴിയോരക്കച്ചവടത്തെ സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും ഒട്ടേറെ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഇതിനും പരിഹാരമായിട്ടില്ലെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.