
പീരുമേട്: വിനോദ സഞ്ചാര കേന്ദ്രമായ മദാമ്മക്കുളത്തിൽ വീണ് പതിനേഴുകാരൻ മരിച്ചു. ഏലപ്പാറ കോഴിക്കാനം സ്വദേശി ദേവദാസിന്റെ മകൻ ലീമോൻ (17) ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ലീമോൻ സുഹൃത്ത് ജഗനോടൊപ്പം ഇരുചക്ര വാഹനത്തിൽ മദാമ്മക്കുളം കാണാൻ എത്തിയതായിരുന്നു. ഇവർ നീന്താനായി വെള്ളച്ചാട്ടത്തിനോട് ചേർന്നുള്ള വെള്ളക്കെട്ടിൽ ഇറങ്ങി. മൂന്നു മണിയോടെ റാന്നി സ്വദേശികളായ നാലു പേർ ഇവിടെയെത്തിയിരുന്നു. വെള്ളക്കെട്ടിൽ നീന്തിയിരുന്ന ഇവർ ആഴത്തിലേക്ക് താഴ്ന്നു പോയി. സംഭവം ശ്രദ്ധയിൽ പെട്ട റാന്നി സ്വദേശികൾ ഉടൻ തന്നെ വെള്ളത്തിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി. ആദ്യം ജഗനെ പുറത്തെത്തിച്ചു. ആഴത്തിലേക്ക് മുങ്ങി തിരച്ചിൽ നടത്തിയെങ്കിലും ലീമോനെ കണ്ടെത്താൻ കഴിഞ്ഞില്ല. പീരുമേട് പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ മൂന്നു മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്ട്ടത്തിനായി കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി