കട്ടപ്പന: കട്ടപ്പന ടൗണിലെ വിവിധ ഭാഗങ്ങളിൽ നഗരസഭ സ്ഥാപിച്ചിരുന്ന മാലിന്യ സംഭരണികൾ നീക്കം ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നഗരസഭാ സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടി. നാലാഴ്ചയ്ക്കകം റിപ്പോർട്ട് ഹാജരാക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ചെറുകിട വ്യാപാരികൾക്കും നഗരത്തിലെത്തുന്നവർക്കും മാലിന്യങ്ങൾ നിക്ഷേപിക്കാൻ സഹായിക്കുന്നതായിരുന്നു മാലിന്യ സംഭരണികൾ. ഇതിനു പകരം ഹരിതകർമ്മ സേനയെ രംഗത്തിറക്കി യൂസർഫീ ഈടാക്കി മാലിന്യത്തെ നഗരസഭ കച്ചവടച്ചരക്കാക്കിയിരിക്കുകയാണെന്ന് കട്ടപ്പന സ്വദേശി ടി.സി. സുഭാഷ് സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇതേത്തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടായത്.