തൊടുപുഴ: കാത്തിരിപ്പിന് വിരാമം, മലയോരജില്ലയുടെ മനസ് ഇന്നറിയാം. രാവിലെ എട്ടുമുതൽ വോട്ടെണ്ണൽ ആരംഭിക്കും. കൊവിഡ് ബാധിതർക്കു വിതരണം ചെയ്ത സ്‌പെഷ്യൽ തപാൽവോട്ടുകൾ ഉൾപ്പെടെയുള്ള പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. പോസ്റ്റൽ വോട്ടുകൾ എണ്ണി തീർന്ന ശേഷം മാത്രമേ വോട്ടിംഗ് യന്ത്രങ്ങൾ തുറന്ന് എണ്ണിത്തുടങ്ങൂ. ഒമ്പത് മണിയോടെ ആദ്യഫലസൂചനകൾ അറിയാം. വൈകിട്ട് നാല് മണിയോടെ തിരഞ്ഞെടുപ്പ് ഫലം പൂർണമായും വ്യക്തമാവും. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. നഗരസഭകളിൽ അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതത് വരണാധികാരികളാണ് എണ്ണുക.
എല്ലാം സജ്ജം
ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ എല്ലാം സജ്ജമാണെന്ന് വരണാധികാരിയായ ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. വിവരങ്ങൾ തത്സമയം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് എല്ലാ കൗണ്ടിംഗ് സ്റ്റേഷനുകളിലും മീഡിയാ സംവിധാനവും ഏർപ്പെടുത്തിയിട്ടുള്ളതായി കളക്ടർ പറഞ്ഞു. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകൾ, എട്ട് ബ്ലോക്കുകൾ, 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, രണ്ട് നഗരസഭകൾ എന്നിവിടങ്ങളിലെ ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കുക.
 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
നഗരസഭ
1. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ തൊടുപുഴ
2. കട്ടപ്പന ഇ.എം.എച്ച്.എസ്.എസ്, കട്ടപ്പന
ബ്ലോക്ക് പഞ്ചായത്ത്
1. അടിമാലി- ഗവ. ഹൈസ്‌കൂൾ, അടിമാലി
2. ദേവികുളം- ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ,
മൂന്നാർ
3. നെടുങ്കണ്ടം- സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് നെടുങ്കണ്ടം,
4. ഇളംദേശം- സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ, കരിമണ്ണൂർ
5. ഇടുക്കി- മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഇടുക്കി, പൈനാവ്
6. കട്ടപ്പന- പാരിഷ് ഹാൾ സെന്റ് ജോർജ് ഫെറോന ചർച്ച് കട്ടപ്പന
7. തൊടുപുഴ- സെന്റ് സെബാസ്റ്റ്യൻ യു.പി സ്‌കൂൾ, തൊടുപുഴ
8. അഴുത- മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ, കുട്ടിക്കാനം