തൊടുപുഴ: വാശിയേറിയ ത്രികോണ മൽസരം നടന്ന തൊടുപുഴ നഗരസഭയിൽ ഒരു മുന്നണിയ്ക്കും ഇത്തവണ കേവല ഭൂരിപക്ഷം നേടാനായില്ല. കഴിഞ്ഞ തവണത്തെ ഭരണ സമിതി പോലെ മൂന്നു മുന്നണികൾക്കും മുൻതൂക്കമില്ലാതെ സീറ്റുകൾ ലഭിച്ചപ്പോൾ ഇത്തവണ യു.ഡി.എഫ് വിമതർ നേടിയ രണ്ടു സീറ്റുകളാകും നഗരസഭ ഭരണം ആരു കൈയാളുമെന്ന് നിശ്ചയിക്കുന്നത്. ആകെയുള്ള 35 വാർഡുകളിൽ 13 സീറ്റുകളിൽ യു.ഡി.എഫും 12 വാർഡുകളിൽ എൽ.ഡി.എഫും എൻ.ഡി.എ എട്ടും സീറ്റുകളിലും വിജയിച്ചു. യു.ഡി.എഫ് നേതൃത്വം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമത സ്ഥാനാർത്ഥികളായി മൽസരിച്ച രണ്ടു പേരും വിജയിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫ്- 14, എൽ.ഡി.എഫ്- 13, എൻ.ഡി.എ- 8 എന്നിങ്ങനെയായിരുന്നു 2015ൽ നഗരസഭയിലെ കക്ഷിനില.
ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികൾക്കും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നില കാര്യമായി മെച്ചപ്പെടുത്താനായില്ല. യു.ഡി.എഫിനും എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കും ഇത്തവണ സിറ്റിംഗ് സീറ്റുകൾ നഷ്ടമായെങ്കിലും ചില സീറ്റുകൾ തിരിച്ചു പിടിക്കാനായി. യു.ഡി.എഫിൽ മുസ്ലീം ലീഗാണ് കൂടുതൽ സീറ്റുകൾ നേടിയത്. മൽസരിച്ച് എട്ടു സീറ്റുകളിൽ ആറെണ്ണം മുസ്ലീം ലീഗിനു നേടാനായി. 20 സീറ്റുകളിൽ മൽസരിച്ച കോൺഗ്രസിന് അഞ്ചു വാർഡുകളിൽ മാത്രമാണ് ജയിക്കാനായത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഏഴു സീറ്റുകളിൽ മത്സരിച്ചപ്പോൾ രണ്ടു സീറ്റുകളിൽ വിജയിച്ചു.
ഇടതു മുന്നണിയിൽ 25 സീറ്റുകളിൽ സി.പി.എമ്മിനായി മത്സരിച്ച സ്ഥാനാർത്ഥികളിൽ 24 പേരും എൽ.ഡി.എഫ് സ്വതന്ത്രരായാണ് മൽസരിച്ചത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച രണ്ടാം വാർഡ് സി.പി.എം നില നിറുത്തി. ഏഴു സീറ്റുകളിലാണ് സ്വതന്ത്ര ചിഹ്നത്തിൽ മൽസരിച്ച സ്ഥാനാർഥികൾ വിജയിച്ചത്. നാലു വാർഡുകളിൽ മൽസരിച്ച സിപിഐ ഒരു സീറ്റും നാലു സീറ്റിൽ മൽസരിച്ച കേരള കോൺഗ്രസ് എം രണ്ടു സീറ്റിലും വിജയിച്ചു. രണ്ടു വാർഡുകളിൽ മൽസരിച്ച ജനാധിപത്യ കേരള കോൺഗ്രസിന് രണ്ടിലും ജയിക്കാനായില്ല. ബി.ജെ.പിയ്ക്ക് കഴിഞ്ഞ തവണ നേടിയ എട്ടു സീറ്റുകൾ തന്നെ ഇത്തവണയും നേടാനായി. സിറ്റിംഗ് സീറ്റായ 33ാം വാർഡ് നഷ്ടമാപ്പോൾ കനത്ത പോരാട്ടം നടന്ന കോളേജ് വാർഡ് പിടിച്ചെടുക്കാനായെന്നത് ബി.ജെ.പിക്ക് നേട്ടമായി.